LiveTV

Live

Gulf

ഖത്തറില്‍ രണ്ടാമത് രാജ്യാന്തര പട്ടംപറത്തല്‍ മേള സമാപിച്ചു

ഖത്തറില്‍ രണ്ടാമത് രാജ്യാന്തര പട്ടംപറത്തല്‍ മേള സമാപിച്ചു
Summary
23 രാജ്യങ്ങളില്‍ നിന്നായി 103 പേര്‍ പങ്കെടുത്ത മേളയില്‍ നാല്‍പ്പതിനായിരത്തോളം പേര്‍ കാഴ്ചക്കാരായെത്തി

ഖത്തറിലെ ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച രണ്ടാമത് രാജ്യാന്തര പട്ടംപറത്തല്‍ മേള സമാപിച്ചു. 23 രാജ്യങ്ങളില്‍ നിന്നായി 103 പേര്‍ പങ്കെടുത്ത മേളയില്‍ നാല്‍പ്പതിനായിരത്തോളം പേര്‍ കാഴ്ചക്കാരായെത്തി. ചൈന ഫ്രാന്‍സ് , പാകിസ്താന്‍ , മെക്‌സിക്കോ ടീമുകള്‍ വിവിധ വിഭാഗങ്ങളില്‍ ചാമ്പ്യന്‍മാരായി .

ദോഹയിലെ ആസ്പയര്‍ പാര്‍ക്കില്‍ നാല് ദിവസങ്ങളിലായാണ് രണ്ടാമത് ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവല്‍ അരങ്ങേറിയത് . മത്സരത്തില്‍ പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണത്തിലും സന്ദര്‍ശകരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധന രേഖപ്പെടുത്തിയ മേള വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായി നടത്താനാണ് സംഘാടകരുടെ തീരുമാനം . 23 രാജ്യങ്ങളില്‍ നിന്നായി 103 മത്സരാര്‍ത്ഥികളും 40000 സന്ദര്‍ശകരും ഈ വര്‍ഷത്തെ മേളയില്‍ പങ്കാളികളായി . ഖത്തറില്‍ നിന്ന് ആദ്യമായി ഒരു ടീം രാജ്യാന്തര കൈറ്റ് ഫെസ്റ്റിവലില്‍ പങ്കെടുത്തതും ശ്രദ്ധിക്കപ്പെട്ടു. സമാപന ചടങ്ങില്‍ മത്സരത്തിലെ വിജയികളെ ആദരിച്ചു. പട്ടങ്ങളിലെ ന്യൂതന ഡിസൈന്‍ വിഭാഗത്തില്‍ ചൈനയും ഏറ്റവും വലിയ പട്ടം പ്രദര്‍ശിപ്പിച്ച ഫ്രാന്‍സും നീളമേറിയ പട്ടവുമായെത്തിയ പാകിസ്താനും ദേശീയ പതാക വിഭാഗത്തിലും മെക്‌സിക്കോയുമാണ് ചാമ്പ്യന്മാരായത്. മേളയെ സജീവമാക്കിയെ സ്വദേശി ടീമംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു . അന്തര്‍ സ്‌കൂളുകള്‍ക്കായി നടത്തിയ മത്സരത്തില്‍ ദോഹയിലെ ഓസ്‌കര്‍ അക്കാദമി ഒന്നാം സ്ഥാനം നേടി , 50000 റിയാലാണ് സമ്മാനത്തുക. 30000 റിയാലിന്റെ രണ്ടാം സമ്മാനം മുആദ് ബിന് ജബല്‍ ഇന്റിപെന്റന്റ് സ്‌കൂളിന് ലഭിച്ചു . മൂന്നാം സമ്മാനമായി 20000 റിയാലിന് ഹലീമ അല്‍സഅദിയ സ്‌കൂളും അര്‍ഹരായി. 16 സ്‌കൂളുകളില്‍ നിന്നായി 550 വിദ്യാര്‍ത്ഥികളാണ് മത്സരിച്ചിരുന്നത് .