LiveTV

Live

Gulf

മൊബൈലുപയോഗിച്ചും, സീറ്റ് ബെല്‍റ്റ് ധരിക്കാതെയും വാഹനമോടിച്ചവരെ കുടുക്കി സൌദി ക്യാമറകള്‍

മൊബൈലുപയോഗിച്ചും, സീറ്റ് ബെല്‍റ്റ് ധരിക്കാതെയും വാഹനമോടിച്ചവരെ കുടുക്കി സൌദി ക്യാമറകള്‍
Summary
സ്ഥലവും കാലവും നോക്കി നിയമം ലംഘിച്ചാലും പിഴയെത്തും

സൌദി അറേബ്യയില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയും മൊബൈലുപയോഗിച്ചും വാഹനമോടിച്ച ഇരുന്നൂറിലേറെ പേരെ ആദ്യ ദിനം ക്യാമറകള്‍ പിടികൂടി. റിയാദ്, ജിദ്ദ, ദമ്മാം നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കിയത്. വാഹനമോടിക്കുമ്പോള്‍ പുകവലിച്ചാല്‍ 150 റിയാല്‍ പിഴയും ചുമത്തിത്തുടങ്ങിയിട്ടുണ്ട്.

രാജ്യത്തെ വാഹനാപകടങ്ങളില്‍ ഭൂരിഭാഗവും മൊബൈലുപയോഗിക്കുന്നതിനിടെയാണെന്ന് കണ്ടെത്തിയതോടെയാണ് പുതിയ ക്യാമറകള്‍ സ്ഥാപിച്ചത്. അപകടം നടക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുന്നവര്‍ക്ക് മരണമോ ഗുരുതര പരിക്കോ സംഭവിക്കുന്നുമുണ്ട്. ഈ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പ്രവര്‍ത്തിച്ച് തുടങ്ങിയ ആദ്യ ദിനം ഇരുന്നൂറിലേറെ പേരാണ് വൈകുന്നേരത്തിനകം ക്യാമറയില്‍ കുടുങ്ങിയത്. 150 മുതല്‍ 300 റിയാല്‍ വരെയാണ് പിഴ. സീറ്റ് ബെല്‍റ്റ് ധരിക്കാത്ത ഡ്രൈവറും മുന്‍ സീറ്റിലിരുന്നവരും ക്യാമറയില്‍ കുടുങ്ങുന്നുണ്ട്. ഹൈവേകളിലാണ് ക്യാമറകള്‍ സ്ഥാപിച്ചത്. എന്നാല്‍ താല്‍ക്കാലിക ക്യാമറകള്‍ ഇതര റൂട്ടിലുമുണ്ടാകും.

ഒരേ റൂട്ടില്‍ ഒന്നിലധികം തവണ മൊബൈലുപയോഗിക്കുന്നത് ക്യാമറയില്‍ പതിഞ്ഞാല്‍ ഒന്നിലധികം പിഴയും ലഭിക്കും. പൊലീസിന്റെ പ്രത്യേക വാഹനങ്ങളിലും ഈ ഓട്ടോമാറ്റിക് ക്യാമറകള്‍ ഉണ്ട്. സ്ഥലവും കാലവും നോക്കി നിയമം ലംഘിച്ചാലും പിഴയെത്തുമെന്നര്‍ഥം. മൊബൈലില്‍ ഫോണ്‍ വിളിയോ മറ്റോ അത്യാവശ്യമായാല്‍ വാഹനം അരികിലേക്ക് നിര്‍ത്തിയില്ലെങ്കില്‍ പിഴ വീഴുമെന്നര്‍ഥം.