LiveTV

Live

Gulf

അബൂദബി പുസ്തകമേള സന്ദര്‍ശിച്ചവരുടെ എണ്ണത്തില്‍ വര്‍ധന

അബൂദബി പുസ്തകമേള സന്ദര്‍ശിച്ചവരുടെ എണ്ണത്തില്‍ വര്‍ധന
Summary
നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ നടന്ന അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവം സന്ദര്‍ശിച്ചത് രണ്ടേമുക്കാല്‍ ലക്ഷത്തോളം പേരാണ്.

അബൂദബിയില്‍ സമാപിച്ച പുസ്തകമേള സന്ദര്‍ശിച്ചവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. യു.എ.ഇ വായനാവര്‍ഷമായി ആചരിക്കുന്ന സാഹചര്യത്തില്‍ സന്ദര്‍ശകരുടെ കാര്യത്തില്‍ മാത്രമല്ല, പുസ്തക വില്‍പനയിലും ഏറെ മുന്നോട്ടു പോകാന്‍ മേളക്ക് സാധിച്ചതായി സംഘാടകര്‍ അറിയിച്ചു.

അബൂദബി വിനോദ സഞ്ചാര സാംസ്കാരിക അതോറിറ്റി നേതൃത്വത്തില്‍ ആയിരുന്നു മേള നടന്നത്. നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ നടന്ന അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവം സന്ദര്‍ശിച്ചത് രണ്ടേമുക്കാല്‍ ലക്ഷത്തോളം പേരാണ്. ആറ് ദിവസത്തിനിടെ 250 ലക്ഷം ദിര്‍ഹത്തിന്‍റെ വില്‍പനയും നടന്നു. യു.എ.ഇ ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാനും സമാപന ദിവസം മേള സന്ദര്‍ശിക്കാനെത്തി. യു.എ.ഇ പ്രതിഭകളുടെ അമ്പതോളം പുസ്തക പ്രകാശന ചടങ്ങില്‍ അദ്ദേഹം സംബന്ധിച്ചു. പുസ്തകോത്സവത്തില്‍ ഇറ്റലിയായിരുന്നു ബഹുമാനിത രാഷ്ട്രം. അടുത്ത വര്‍ഷത്തെ പുസ്തകോത്സവത്തിലെ ബഹുമാനിത രാഷ്ട്രമായി ചൈനയെ പ്രഖ്യാപിച്ചു.

63 രാഷ്ട്രങ്ങളില്‍ നിന്നുള്ള 1261 പ്രസാധകരാണ് പുസ്തകോത്സവത്തില്‍ പങ്കെടുത്തത്. 30 ഭാഷകളിലായി അഞ്ച് ലക്ഷം പുസ്തകങ്ങളാണ് മേളയിലെത്തിയത്. 507 സാംസ്കാരിക പരിപാടികളും നടന്നു. സാഹിത്യം, കവിത, സംസ്കാരം, പ്രസാധനം തുടങ്ങിയ മേഖലകളിലെല്ലാം പ്രമുഖരും സ്ഥാപനങ്ങളും മേളക്കെത്തി. പ്രസാധക അവകാശങ്ങള്‍ ഉള്‍ക്കൊള്ളുന്ന 230 കരാറുകളും ഒപ്പുവെച്ചു. ശൈഖ് സായിദ് ബുക്ക് അവാര്‍ഡ് വിതരണം മേളയുടെ മറ്റൊരു പ്രത്യേകത ആയിരുന്നു.