LiveTV

Live

Gulf

കുവൈത്തില്‍ റോഡപകടങ്ങളില്‍ കഴിഞ്ഞ വര്‍ഷം പൊലിഞ്ഞത് 421 പേര്‍ക്ക്

കുവൈത്തില്‍ റോഡപകടങ്ങളില്‍ കഴിഞ്ഞ വര്‍ഷം പൊലിഞ്ഞത് 421 പേര്‍ക്ക്
Summary
172 സ്വദേശികളും ഇന്ത്യക്കാരുൾപ്പെടെ 249 വിദേശികളുമാണ് ഒരു വർഷത്തിനുള്ളിൽ റോഡപകടങ്ങളിൽ മരിച്ചത്.

കുവൈത്തിൽ റോഡപകടങ്ങളിൽ കഴിഞ്ഞ വർഷം 421 പേർക്കു ജീവഹാനി സംഭവിച്ചതായി റിപ്പോർട്ട്. 172 സ്വദേശികളും ഇന്ത്യക്കാരുൾപ്പെടെ 249 വിദേശികളുമാണ് ഒരു വർഷത്തിനുള്ളിൽ റോഡപകടങ്ങളിൽ മരിച്ചത്.

ജനറൽ ട്രാഫിക് വിഭാഗം പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. റോഡപകടങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം വർധനയുണ്ടെങ്കിലും മരണസംഖ്യയിൽ നേരിയ കുറവുള്ളതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2016 ൽ അപകടമരണങ്ങളുടെ എണ്ണം 424 ആയിരുന്നത് 2017 ൽ 421 ആയാണ് കുറഞ്ഞത്. രാജ്യ വ്യാപകമായി 82000 വാഹനാപകടങ്ങളാണ് പോയവർഷം രേഖപ്പെടുത്തിയത്. തൊട്ടു മുമ്പത്തെ വർഷം 71000 അപകട സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. 2017 ൽ എല്ലാ അപകടങ്ങളിലുമായി 10000 ലേറെ പേർക്ക് പരിക്കേറ്റു. റെഡ്സിഗ്നൽ കട്ട് ചെയ്തതാണ് കഴിഞ്ഞ വർഷം 70 പേർ മരിക്കാനിടയായ റോഡപകടങ്ങളുടെ പ്രധാന കാരണമെന്നും റിപ്പോർട്ടിലുണ്ട്. ഗതാഗത നിയമലംഘനങ്ങൾക്കുള്ള കുറഞ്ഞ ശിക്ഷ 50 ദീനാർ പിഴയിൽനിന്ന് 100 ദീനാറായി ഉയർത്തിയതും വാഹനം കസ്റ്റഡിയിലെടുക്കാനുള്ള തീരുമാനവും അപകടങ്ങൾ കുറക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. നിയമം ലംഘിക്കുന്ന വാഹനങ്ങൾ രണ്ട് മാസത്തേക്കും ഡ്രൈവറെ 48 മണിക്കൂർ നേരത്തേക്കും കസ്റ്റഡിയിലെടുക്കുന്നത് തുടരുമെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി.