LiveTV

Live

Gulf

ഒമാനിൽ സെപ്തംബർ ഒന്നു മുതൽ ലഗേജ്​ നിബന്ധനകളിൽ മാറ്റം

ഒമാനിൽ സെപ്തംബർ ഒന്നു മുതൽ ലഗേജ്​ നിബന്ധനകളിൽ മാറ്റം
Summary
യാത്രക്കാർക്ക്​ എളുപ്പത്തിൽ ലഗേജുകൾ ലഭിക്കാൻ വഴിയൊരുക്കുന്നതാണ്​ പുതിയ സംവിധാനം

ഒമാനിൽ സെപ്തംബർ ഒന്നു മുതൽ ലഗേജ്​ നിബന്ധനകളിൽ മാറ്റം വരുത്തിയതായി വിമാനത്താവള മാനേജ്മെന്റ്​ കമ്പനി അറിയിച്ചു. വ്യോമയാന വ്യവസായത്തിലെ ആഗോള പ്രവർത്തനരീതിക്ക്​ അനുസൃതമായി ഉപഭോക്​താക്കൾക്ക്​ മികച്ച സേവനം നൽകുക ലക്ഷ്യമിട്ടാണ്​ നിബന്ധനകളിൽ മാറ്റം വരുത്തിയദ് . യാത്രക്കാർക്ക്​ എളുപ്പത്തിൽ ലഗേജുകൾ ലഭിക്കാൻ വഴിയൊരുക്കുന്നതാണ്​ പുതിയ സംവിധാനം.

പുതപ്പുകളിലും ലിനനിലും മറ്റും പൊതിഞ്ഞുള്ളതും പുറമെ കയറു​കൊണ്ട്​ കെട്ടിവരിഞ്ഞുള്ളതുമായ ലഗേജുകൾ അനുവദിക്കില്ല. വൃത്താകൃതിയിലുള്ളതും ക്രമരഹിതമായ രൂപത്തിലുള്ളതുമായ ലഗേജുകൾ നിരോധത്തിന്റെ പരിധിയിൽ വരും. മസ്കത്ത്​, സലാല,സൊഹാർ വിമാനത്താവളങ്ങളിൽ നിന്നുള്ള എല്ലാ വിമാന സർവീസുകൾക്കും കാബിൻ ക്ലാസ്​ വ്യത്യാസങ്ങളില്ലാതെ പുതിയ നിബന്ധന ബാധകമായിരിക്കും. വിമാനത്താവള ഉദ്യോഗസ്ഥരെ സംബന്ധിച്ച്​ സുഗമമായ ചെക്ക്​ ഇൻ നടപടിക്രമങ്ങൾക്കും ബാഗേജുകളുടെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കാനും ,കൂടുതൽ സുരക്ഷാപരിശോധന ആവശ്യമുള്ള ലഗേജുകൾ എളുപ്പം ലഭിക്കാനും സഹായകരമാകും. വിമാനത്താവളങ്ങളുടെ ഉയർന്ന പ്രവർത്തന നിലവാരവും ഇതുവഴി ഉറപ്പാക്കാൻ കഴിയും. ബേബി സ്ട്രോളറുകൾ, ബൈ സൈക്കിളുകൾ, വീൽ ചെയറുകൾ, ഗോൾഫ്​ ബാഗ്​ എന്നിവ കൊണ്ടുപോകുന്നതിന്​ നിരോധമില്ലെന്നും അത്​ അനുവദനീയമാണെന്നും വിമാനത്താവള കമ്പനി വക്താവ്​ അറിയിച്ചു. വിമാനകമ്പനികൾ, ​ട്രാവൽ ഏജന്റുമാർ, ടൂറിസം വെബ്​സൈറ്റുകൾ തുടങ്ങിയവയുമായി ചേർന്ന്​ പുതിയ ലഗേജ്​ നിബന്ധനകളെ കുറിച്ച വിവരങ്ങൾ പരമാവധി യാത്രക്കാരിലേക്ക്​ എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ്​ വിമാനത്താവള കമ്പനി. സാമൂഹിക മാധ്യമങ്ങളും ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്​.