LiveTV

Live

Gulf

സൌദിയില്‍ പൊതുമാപ്പ് ഒരു മാസം കൂടി നീട്ടി

സൌദിയില്‍ പൊതുമാപ്പ് ഒരു മാസം കൂടി നീട്ടി
Summary
ജൂണ്‍ 25 മുതൽ മുപ്പത് ദിവസത്തേക്കാണ് നിയമലംഘകരായ ആളുകൾക്ക്​ രാജ്യം വിടുന്നതിനുള്ള കാലാവധി നീട്ടിയത്​.

പൊതുമാപ്പ്​ കാലാവധി ഒരു മാസത്തേക്ക്​ നീട്ടാൻ സൗദി ഭരണകൂടം അനുമതി നൽകിയതായി പാസ്പോർട്ട് വിഭാഗം അറിയിച്ചു. ജൂണ്‍ 25 മുതൽ മുപ്പത് ദിവസത്തേക്കാണ് നിയമലംഘകരായ ആളുകൾക്ക്​ രാജ്യം വിടുന്നതിനുള്ള കാലാവധി നീട്ടിയത്​. ഞായറാഴച മുതല്‍ പാസ്പോര്‍ട്ട് ഓഫീസുകളില്‍ പൊതുമാപ്പിന്‍റെ സേവനം ലഭ്യമാകും.

നിയമലംഘകരില്ലാത്ത രാജ്യം എന്ന തലക്കെട്ടില്‍ മൂന്ന് മാസം നീണ്ടുനിന്ന പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ അവസരം ലഭിക്കാത്ത നിയമലംഘകര്‍ക്ക് വലിയ ആശ്വാസമാണ് സൌദി ഭരണകൂടത്തിന്‍റെ തീരുമാനം. ജൂണ്‍ 25 മുതല്‍ മുപ്പത് ദിവസത്തേക്കാണ് പൊതുമാപ്പ് നീട്ടിയത്. ആഭ്യന്തര വകുപ്പുമന്ത്രി അമീർ അബ്ദുൽ അസീസ്​ ബിൻ സഊദിന്‍റെ നിർദേശത്തെ തുടർന്ന്​ രാജ്യത്തെ എല്ലാ ഭാഗങ്ങളിലും നിയമലംഘകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പാസ്പോർട്ട് വകുപ്പ്​ മേധാവി കേണൽ സുലൈമാൻ അൽയഹ്​യ പറഞ്ഞു. ദേശീയ ഇൻഫർമേഷൻ സെന്‍ററുമായി ചേര്‍ന്ന് ഇതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്​. നേരത്തെ പ്രഖ്യാപിച്ച പൊതുമാപ്പ്​ ഉപയോഗപ്പെടുത്താത്തവരും നടപടികൾ പൂർത്തിയാക്കാത്തവരും നീട്ടി നൽകിയ കാലയളവ്​ ഉപയോഗപ്പെടുത്തണമെന്നും പാസ്പോർട്ട്​ മേധാവി ആവശ്യപ്പെട്ടു.

മാര്‍ച്ച് 29 മുതലാണ് സൌദിയില്‍ പൊതുമാപ്പ് നിലവില്‍ വന്നത്. 90 ദിവസം നീണ്ട്​ നിന്ന പൊതുമാപ്പ്​ റമദാന്‍ അവസാനത്തോടെയാണ് സമാപിച്ചത്​. ഇതാണ്​ ഇപ്പോൾ മുപ്പത് ദിവസത്തേക്ക് കൂടി നീട്ടിയത്​. നേരത്തെ ഫൈനല്‍ എക്സിറ്റ് നേടിയിട്ടും നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാത്തവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

അഞ്ച് ലക്ഷത്തോളം പേരാണ് നിലവില്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത്. നാട്ടിലേക്ക് മടങ്ങിയ മുപ്പത്തി അയ്യായിരം ഇന്ത്യക്കാരില്‍ മൂവായിരത്തോളം പേര്‍ മലയാളികളായിരുന്നു. തൊഴിൽ, അതിർത്തി നിയമലംഘകർക്ക് പിഴയോ തടവോ കൂടാതെ നാടുകളിലേക്ക് മടങ്ങാന്‍ അവസരം നല്‍കുന്നതാണ് പൊതുമാപ്പ്.