LiveTV

Live

Gulf

ഗള്‍ഫ് പ്രതിസന്ധി പരിഹാരത്തിന് കൃത്യമായ ഉപാധികള്‍ വേണമെന്ന് സൗദി അനുകൂല രാജ്യങ്ങൾ

ഗള്‍ഫ് പ്രതിസന്ധി പരിഹാരത്തിന് കൃത്യമായ ഉപാധികള്‍ വേണമെന്ന് സൗദി അനുകൂല രാജ്യങ്ങൾ
Summary
രാഷ്​ട്രീയ പരിഹാരമാണ്​ പ്രശ്​നത്തിൽ ഉണ്ടാകേണ്ടതെന്നാണ്​ സൗദി വിദേശകാര്യ മന്ത്രി ആദിൽ ജുബൈർ വ്യക്​തമാക്കിയത്​.

ഗൾഫ്​ പ്രതിസന്ധി പരിഹാരത്തിന്​ കൃത്യമായ ഉപാധികൾ വേണമെന്ന് സൗദി അനുകൂല രാജ്യങ്ങൾ. തീവ്രവാദത്തെ പിന്തുണക്കുന്ന നടപടികൾ ഉണ്ടാവില്ലെന്ന്​ ഉറപ്പു വരുത്താൻ പടിഞ്ഞാറൻ രാജ്യങ്ങളുടെ നിരീക്ഷണം ആവശ്യമെന്നും ഈ രാജ്യങ്ങൾ വ്യക്​തമാക്കുന്നു. ഇതോടെ, നിലവിലെ സമവായ നീക്കങ്ങൾ എളുപ്പം ഫലം കാണില്ലെന്ന സൂചനയാണ്​ നിരീക്ഷകർ നൽകുന്നത്​. രാഷ്​ട്രീയ പരിഹാരമാണ്​ പ്രശ്​നത്തിൽ ഉണ്ടാകേണ്ടതെന്നാണ്​ സൗദി വിദേശകാര്യ മന്ത്രി ആദിൽ ജുബൈർ വ്യക്​തമാക്കിയത്​. ഖത്തറുമായി തങ്ങൾക്കുള്ള പരാതികൾ പൊതുസമൂഹത്തിനു ​മുമ്പാകെ ഉടൻ വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്​തമാക്കി.

രാഷ്​ട്രീയ തീരുമാനങ്ങൾ തന്നെയാണ്​ ഖത്തറിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ടതെന്ന കൃത്യമായ സൂചനയും സൗദി വിദേശകാര്യ മ​ന്ത്രിയുടെ പ്രസ്​താവനയിലുണ്ട്​. എന്നാൽ ഉടമ്പടി അംഗീകരിച്ചാൽ തന്നെയും അത്​ നടപ്പാകു​ന്നുണ്ടോ എന്ന കാര്യം നിരീക്ഷിക്കാൻ പുറമെ നിന്നുള്ള സമിതി വേണമെന്ന ആവശ്യമാണ്​ യു.എ.ഇ പുതുതായി മുന്നോട്ടു വെച്ചിരിക്കുന്നത്​. പടിഞ്ഞാറൻ നിരീക്ഷണ സമിതിയാണ്​ വേണ്ടതെന്ന്​ യു.എ.ഇ വിദേശകാര്യ സഹമന്ത്രി ​ഡോ. അൻവർ മുഹമ്മദ്​ ഗർഗാശ്​ പറഞ്ഞു.

ഖത്തറിനെ വിശ്വാസത്തിലെടുക്കാൻ സാധിക്കാത്ത രാഷ്​ട്രീയ സാഹചര്യം നിലനിൽക്കുന്നതു കൊണ്ടാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നയതന്ത്ര പിന്തുണ ഉറപ്പാക്കാൻ ലണ്ടൻ പര്യടനം നടത്തി വരികയാണ്​ മന്ത്രി ഗർഗാശ്​. തീവ്രവാദ ഘടകങ്ങൾക്കുള്ള ഫണ്ടിങ്​ നിർത്താമെന്നതുൾ​പ്പെടെയുള്ള ഉറപ്പുകൾ ഖത്തർ നൽകിയാൽ പ്രശ്​നപരിഹാരത്തിന്​ തയാറാണ്​. എന്നാൽ തന്നെയും അത്​ നടപ്പാകുന്നുണ്ടോ എന്ന്​ നിരീക്ഷിക്കേണ്ടതുണ്ട്​.

കുടുംബ തർക്കമല്ല ഇൗ പ്രതിസന്​ധി. വിദേശകാര്യ നയവുമായി ബന്​ധപ്പെട്ട ഒന്നാണ്​. മുമ്പും പ്രശ്​നം വഷളായതാണ്​. എന്നാൽ ഉറപ്പുകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതാണ്​ നിലപാട്​ കർക്കശമാക്കാൻ തങ്ങളെ പ്രേരിപ്പിക്കുന്നതെന്നും യു.എ.ഇ മന്ത്രി കൂട്ടിച്ചേർത്തു. ഉപാധികളുടെ പുറത്തല്ലാതെ പരിഹാരം ​േവണ്ടെന്ന ഉറച്ച നിലപാട്​ സൗദി അനുകൂല രാജ്യങ്ങൾ കൈക്കൊള്ളുന്നത്​ മധ്യസ്​ഥ രാജ്യങ്ങളുടെ നീക്കത്തിന്​ വലിയ തിരിച്ചടിയാകും