LiveTV

Live

Gulf

രാഷ്ട്രീയപാര്‍ട്ടികളൊന്നും വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിട്ടില്ലെന്ന് പികെ ഫിറോസ്

രാഷ്ട്രീയപാര്‍ട്ടികളൊന്നും വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിട്ടില്ലെന്ന് പികെ ഫിറോസ്
Summary
പുരോഗമന പ്രസ്ഥാനങ്ങള്‍ എന്ന് അവകാശപ്പെടുന്ന സംഘടനകള്‍ പോലും വനിതകളെ വേണ്ട വിധം പരിഗണിച്ചിട്ടില്ല

മുസ്‍ലിംലീഗ് മാത്രമല്ല രാഷ്ട്രീയപാര്‍ട്ടികളൊന്നും വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിട്ടില്ലെന്ന് മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. പുരോഗമന പ്രസ്ഥാനങ്ങള്‍ എന്ന് അവകാശപ്പെടുന്ന സംഘടനകള്‍ പോലും വനിതകളെ വേണ്ട വിധം പരിഗണിച്ചിട്ടില്ലെന്ന് അദ്ദേഹം ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മുസ്‍ലിംലീഗില്‍ വനിതകള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കാത്ത സാഹചര്യത്തിലാണ് വനിതാ ലീഗ് നേതാവ് ഖമറുന്നിസ അന്‍വറിന്റെ ബിജെപി അനുകൂല പ്രസ്താവനയുണ്ടായതെന്ന ആരോപണം ശ്രദ്ധയില്‍പെടുത്തിയപ്പോഴായിരുന്നു ഫിറോസിന്റെ പ്രതികരണം. ബിജെപിയോട് മുസ്‍ലിംലീഗിന് ഒരു മൃദുസമീപനവുമില്ല. അത്തരം ആരോപണങ്ങള്‍ ആളുകള്‍ വിശ്വസിക്കാനും പോകുന്നില്ല.

കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകാനുള്ള ശ്രമത്തിലാണ് പിണറായി വിജയന്‍. പിണറായി മുഖ്യമന്ത്രിയായി ഒരു വര്‍ഷം തികയുന്ന മെയ് 25 ന് ദുരിതത്തിന്റെ ഒരു വര്‍ഷം എന്ന പേരില്‍ യൂത്ത് ലീഗ് യുത്ത് ഓഡിറ്റ് സംഘടിപ്പിക്കുമെന്നും ഫിറോസ് പറഞ്ഞു.