LiveTV

Live

Gulf

സ്വദേശിവത്കരണതോത് പാലിക്കാത്ത കമ്പനികളെ വിമര്‍ശിച്ച് ഒമാന്‍ മന്ത്രി

സ്വദേശിവത്കരണതോത് പാലിക്കാത്ത കമ്പനികളെ വിമര്‍ശിച്ച് ഒമാന്‍ മന്ത്രി
Summary
രാജ്യത്തിന്റെ സമ്പദ്ഘടനയുടെ ഉന്നമനത്തിന് വിദേശികള്‍ വഹിച്ച പങ്കിനെ മന്ത്രി പ്രകീര്‍ത്തിക്കുകയും ചെയ്തു.

ഒമാനിൽ സ്വദേശിവത്കരണ തോത് പാലിക്കാത്ത കമ്പനികള്‍ക്കെതിരെ വിമര്‍ശനവുമായി വ്യവസായ, വാണിജ്യമന്ത്രി ഡോ. അലി ബിന്‍ മസൂദ് അല്‍ സുനൈദി. 35 ശതമാനത്തില്‍ കുറവ് മാത്രം സ്വദേശിവത്കരണം പൂര്‍ത്തിയാക്കിയ കമ്പനികള്‍ക്ക് മന്ത്രാലയത്തിന്റെ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകില്ലെന്നു അല്‍ സുനൈദി മസ്‌കത്തില്‍ നടന്ന ചടങ്ങില്‍ പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്ഘടനയുടെ ഉന്നമനത്തിന് വിദേശികള്‍ വഹിച്ച പങ്കിനെ മന്ത്രി പ്രകീര്‍ത്തിക്കുകയും ചെയ്തു.

വിദേശി ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരുമടക്കമുള്ളവര്‍ രാജ്യത്തിന്റെ വികസനത്തിന് വഹിച്ച പങ്കിനെ കുറിച്ച് താന്‍ ബോധവാനാണെന്ന് മന്ത്രി പറഞ്ഞു. അതേസമയം, ഒമാനികള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ജോലി വിദേശികള്‍ക്ക് നല്‍കുന്നതാണ് പ്രശ്‌നം. 35 ശതമാനമെങ്കിലും സ്വദേശിവത്കരണം പൂര്‍ത്തിയാക്കാത്തത് മന്ത്രാലയത്തിന്റെ കമ്പനികളുമായുള്ള സൗഹൃദത്തെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു. വിദേശ ഉടമസ്ഥതയിലുള്ള കമ്പനികള്‍ പലതും സ്വദേശിവത്കരണ തോത് പാലിച്ചിട്ടുണ്ട്. സ്വദേശി ഉടമസ്ഥതയിലുള്ള കമ്പനികളാണ് ഇത് പാലിക്കാത്തത്. കമ്പനികളുടെ ഉയര്‍ന്ന മാനേജ്‌മെന്റ് തസ്തികകളില്‍ ഉള്ളവരുടെ സാമൂഹിക ഉത്തരവാദിത്വമാണ് സ്വദേശിവത്കരണമെന്നും അല്‍ സുനൈദി പറഞ്ഞു. ഓരോ കമ്പനികളുടെയും സ്വദേശിവത്കരണ തോതും പാലിച്ചതിന്റെ കണക്കുകളും പ്രസിദ്ധപ്പെടുത്താന്‍ ആലോചനയുണ്ട്.

നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ കമ്പനികളിലെ അധിക സമ്മര്‍ദം ഒഴിവാക്കുന്നതിനായി ഈ തീരുമാനം നീട്ടുകയാണെന്നും മന്ത്രി പറഞ്ഞു. 1988ലാണ് സ്വദേശിവത്കരണ നയത്തിന് തുടക്കമായത്. 2010ലാണ് കുറഞ്ഞത് 35 ശതമാനം സ്വദേശിവത്കരണം എന്ന തലത്തിലേക്ക് ഉയര്‍ത്തി നയം പുനരവലോകനം ചെയ്തത്. നിര്‍മാണ മേഖലയടക്കം ചില മേഖലകളിലെ പല കമ്പനികളും കുറഞ്ഞ സ്വദേശിവത്കരണം മാത്രമാണ് കൈവരിച്ചിട്ടുള്ളത്. അടുത്ത മൂന്ന് വര്‍ഷ കാലയളവിനുള്ളില്‍ പത്ത് മുതല്‍ 15 ശതമാനം വരെ സ്വദേശിവത്കരണം കൈവരിക്കുകയാണ് ലക്ഷ്യമെന്ന് ഒമാന്‍ സൊസൈറ്റി ഓഫ് കോണ്‍ട്രാക്‌ടേഴ്‌സ് സി.ഇ.ഒ ഷ്വാസര്‍ അല്‍ ബലൂഷി പറഞ്ഞു. തൊഴില്‍ പരിശീലന പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ മാത്രമേ ഇത് കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.