LiveTV

Live

Gulf

ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ പുതിയ അധ്യായന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു

ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ പുതിയ അധ്യായന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു
Summary
അപേക്ഷിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും പ്രവേശനം നല്‍കാന്‍ സാധിക്കുന്ന തരത്തില്‍ കെട്ടിട സൗകര്യം വര്‍ദ്ധിപ്പിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം ഇതുവരെ നടപ്പായിട്ടില്ല

ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ പുതിയ അധ്യായന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. ഇന്ന് മുതൽ സ്കൂൾ വെബ്സൈറ്റിലൂടെ പുതിയ അപേക്ഷകൾ സമർപ്പിക്കാം. ഈ മാസം പതിനെട്ടു വരെ അപേക്ഷകൾ സ്വീകരിക്കും.

രാവിലെയും വൈകുന്നേരവുമായി രണ്ടു ഷിഫ്റ്റുകളിൽ നടക്കുന്ന എൽ. കെ. ജി ക്ലാസുകളിലേക്കാണ് പൂർണമായ പ്രവേശനം. യു. കെ. ജി ക്ലാസുകളിൽ ഒഴിവ് വന്നേക്കാവുന്ന കുറഞ്ഞ സീറ്റുകളിലേക്കുള്ള അപേക്ഷകൾ വൈറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെടുത്തും. എൽ.കെ.ജി ക്ലാസുകളിലേക്കുള്ള പ്രവേശന അപേക്ഷ സമർപ്പിച്ച കുട്ടികളുടെ നറുക്കെടുപ്പ് ഈ മാസം ഇരുപത്തി അഞ്ചിന് രാവിലെ ഒമ്പതു മുപ്പതു മുതൽ ഉച്ചക്ക് പന്ത്രണ്ട് മുപ്പതു വരെയും യു. കെ. ജി ക്ലാസുകളിലേക്കുള്ള വെയിറ്റിംഗ് ലിസ്റ്റ് നറുക്കെടുപ്പ് അന്നേ ദിവസം ഉച്ചക്ക് ഒന്നേ മുപ്പതു മുതൽ രണ്ടേ മുപ്പതുവരെയും ബോയ്‌സ് സ്‌കൂളിൽ വെച്ച് നടക്കും. അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന റഫറൻസ് നമ്പർ, കുട്ടിയുടെ പാസ്‌പോര്‍ട്ട് കോപ്പി, താമസ രേഖയുടെ കോപ്പി എന്നിവ സഹിതം രക്ഷിതാക്കളിൽ ഒരാൾ അന്നേ ദിവസം സ്കൂളിൽ ഹാജരാവണം. അഡ്മിഷൻ ലഭിക്കുന്ന കുട്ടികളുടെ രേഖകളുടെ അസ്സല്‍ പരിശോധനക്കായി പിന്നീട് സമര്‍പ്പിക്കുകയും വേണം. നേരത്തെ അപേക്ഷിച്ച് പ്രവേശനം ലഭിക്കാത്തവരും പുതുതായി അപേക്ഷ സമർപ്പിക്കണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

അതെ സമയം, അപേക്ഷിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും പ്രവേശനം നല്‍കാന്‍ സാധിക്കുന്ന തരത്തില്‍ കെട്ടിട സൗകര്യം വര്‍ദ്ധിപ്പിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം ഇതുവരെ നടപ്പായിട്ടില്ല. ഇതിനായി മുൻ സ്‌കൂൾ ഭരണസമിതിയുടെ നേതൃത്വത്തിൽ പുതുതായി ചില കെട്ടിടങ്ങൾക്ക് ഭീമമായ വാടക നിശ്ചയിച്ചു കരാർ നടപടികൾ പൂർത്തിയാക്കിയിരുന്നെങ്കിലും സൗദി അധികൃതരുടെ ഭാഗത്തു നിന്നും അനുമതി ലഭിക്കാത്തതിനാൽ ഇവിടെ ക്‌ളാസുകൾ ആരംഭിക്കാൻ സാധിച്ചിരുന്നില്ല. സ്‌കൂളിന് സ്വന്തമായി സ്ഥലം കണ്ടെത്തി കെട്ടിടങ്ങൾ നിർമിച്ചു മുന്നോട്ടുപോവാനുള്ള ശ്രമത്തിലാണ് ഒമ്പതു മാസങ്ങൾക്കു മുമ്പ് നിലവിൽ വന്ന പുതിയ ഭരണസമിതി. എന്നാൽ സൗദിയിലെ മാറിയ സാഹചര്യങ്ങളും കുടുംബാംഗങ്ങൾക്കു നിലവിൽ വരുന്ന പുതിയ ഫീസുകളും സ്‌കൂൾ പ്രവേശന നടപടികളെ കാര്യമായി ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.