LiveTV

Live

Gulf

ഒമാനില്‍ പരിഷ്‌ക്കരിച്ച തൊഴില്‍ നിയമം ഉടന്‍ നിലവില്‍ വരും

ഒമാനില്‍ പരിഷ്‌ക്കരിച്ച തൊഴില്‍ നിയമം ഉടന്‍ നിലവില്‍ വരും
Summary
യോഗ്യതയും പരിചയവും തുല്ല്യമായ വിദേശിക്ക് സ്വദേശിയേക്കാള്‍ ഉയര്‍ന്ന വേതനം നല്‍കുന്നത് നിയമവിരുദ്ധമാണെന്നും ഒരു മാസത്തെ വേതനം അടുത്ത മാസം ഏഴ് ദിവസം പിന്നിടുന്നതിന് മുമ്പേ കമ്പനികള്‍ നല്‍കിയിരിക്കണമെന്നും മന്ത്രി പറഞ്ഞു...

ഒമാനില്‍ പരിഷ്‌കരിച്ച തൊഴില്‍ നിയമം വൈകാതെ നിലവില്‍ വരുമെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ലാഹ് ബിന്‍ നാസര്‍ അല്‍ ബക്‌രി. സ്വദേശിവത്കരണം, സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ പരിഗണിക്കുന്നുണ്ട്. പരിഷ്‌കരിച്ച നിയമത്തിന്റെ രൂപകല്‍പന അന്തിമഘട്ടത്തിലേക്ക് കടന്നതായും മജ്‌ലിസു ശൂറയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ അല്‍ ബക്‌രി പറഞ്ഞു.

സ്വകാര്യമേഖലയില്‍ മൊത്തം ജീവനക്കാരുടെ 11.7 ശതമാനം സ്വദേശികളാണ് ജോലിചെയ്യുന്നത്. ഉയര്‍ന്ന തസ്തികകളിലെ സ്വദേശികളുടെ കുറവിനെ കുറിച്ച ചോദ്യത്തിന് അത് ഏറെ വെല്ലുവിളിയുയര്‍ത്തുന്ന ഒന്നാണെന്നായിരുന്നു മറുപടി. കമ്പനി ഉടമകള്‍ക്കാണ് ഇക്കാര്യത്തില്‍ പ്രാഥമിക ഉത്തരവാദിത്വം. ഇതോടൊപ്പം മല്‍സരക്ഷമതയാര്‍ന്ന തൊഴില്‍ വിപണിയില്‍ സ്വദേശി യുവാക്കള്‍ തങ്ങളുടെ കാര്യക്ഷമത തെളിയിക്കുകയും വേണം. മന്ത്രാലയത്തിന്റെ വിവിധ വികസന പദ്ധതികളുടെ ഫലമായി സ്വദേശി ജീവനക്കാരുടെ എണ്ണം വര്‍ധിച്ചതായി അല്‍ ബക്‌രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് മസ്‌കത്തിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ 8.6 ശതമാനമാണ് സ്വദേശിവത്കരണ തോത്. പ്രതിവര്‍ഷം 1.20 ലക്ഷം വിദേശ തൊഴിലാളികളാണ് ഒമാനിലെ തൊഴില്‍ വിപണിയില്‍ എത്തുന്നത്. കൂടുതല്‍ പേരും നിര്‍മാണ കമ്പനികളിലും റിയല്‍ എസ്‌റ്റേറ്റ് കമ്പനികളിലുമാണ് എത്തുന്നത്. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുറയും.

സ്വദേശികളേക്കാള്‍ ഉയര്‍ന്ന ശമ്പളം വിദേശികള്‍ക്ക് നല്‍കുന്നതായി ശൂറ അംഗങ്ങള്‍ ചൂണ്ടികാണിച്ചപ്പോള്‍ യോഗ്യതയും പരിചയവും തുല്ല്യമായ വിദേശിക്ക് സ്വദേശിയേക്കാള്‍ ഉയര്‍ന്ന വേതനം നല്‍കുന്നത് നിയമവിരുദ്ധമാണെന്നും അല്‍ ബക്‌രി പറഞ്ഞു. ഒരു മാസത്തെ വേതനം അടുത്ത മാസം ഏഴ് ദിവസം പിന്നിടുന്നതിന് മുമ്പേ കമ്പനികള്‍ നല്‍കിയിരിക്കണമെന്നും മന്ത്രി പറഞ്ഞു.