LiveTV

Live

Gulf

കുവൈത്ത് എണ്ണയുല്‍പാദനം കുറച്ചു

കുവൈത്ത് എണ്ണയുല്‍പാദനം കുറച്ചു
Summary
ഒപെക് തീരുമാനത്തെ തുടര്‍ന്നാണ് പ്രതിദിന ഉത്പാദനം വെട്ടിച്ചുരുക്കിയത്

കുവൈത്ത് എണ്ണയുല്‍പാദനം 1,46,000 ബാരല്‍ ആയി കുറച്ചു. ഒപെക് തീരുമാനത്തെ തുടര്‍ന്നാണ് പ്രതിദിന ഉത്പാദനം വെട്ടിച്ചുരുക്കിയത്. എണ്ണ മേഖലയില്‍ ദീര്‍ഘകാല നിക്ഷേപ പദ്ധതിയില്‍ മാറ്റം വരുത്തേണ്ടെന്നും കുവൈത്ത് തീരുമാനിച്ചു.

ആഗോള വിപണിയില്‍ ക്രൂഡോയിലിന്റെ വില കൂപ്പുകുത്തിയ സാഹചര്യത്തിലാണ് എണ്ണയുല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പെട്രോളിയം ഉല്‍പാദനം കുറക്കാന്‍ തീരുമാനിച്ചത്. എട്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഒപെക് ഉല്‍പാദനം കുറക്കുന്നത്. ഒരു ദിവസത്തെ ആകെ ഉല്‍പാദനം 33 മില്യണ്‍ ബാരല്‍ ആയി പരിമിതപ്പെടുത്താനാണ് ഒപെക് ധാരണ. ധാരണയനുസരിച്ച് കുവൈത്ത് കുറക്കേണ്ടത് പ്രതിദിനം 1,33,000 ബാരലാണ്. പ്രതിദിനം 2.8 മില്യന്‍ ബാരല്‍ പെട്രോളിയം ഉല്‍പാദിപ്പിക്കുന്നിടത്തുനിന്നാണ് ഇത്രയും കുറവുവരുത്തിയത്.

ഉല്‍പാദനം കുറക്കണമെന്ന ധാരണയെ അംഗീകരിക്കുന്നതോടൊപ്പം ബുര്‍ഗാനിലെയും വടക്കന്‍ മേഖലയിലേയും എണ്ണക്കിണറുകളുടെ അറ്റകുറ്റപണിക്കുള്ള അവസരമായി ഈ സമയത്തെ കാണുകയാണെന്ന് കുവൈത്ത് എണ്ണമന്ത്രി ഇസാം അല്‍ മര്‍സൂഖ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എണ്ണവില ഇടിഞ്ഞതിനെ തുടര്‍ന്ന് രാജ്യത്തിന്റെ പെട്രോളിയം നിക്ഷേപനയത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.