LiveTV

Live

Gulf

അറബ് സ്ട്രാറ്റജി ഫോറത്തില്‍ പങ്കെടുക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും സി.ഐ.എ മുന്‍ മേധാവിയും ദുബൈയിലെത്തും

അറബ് സ്ട്രാറ്റജി ഫോറത്തില്‍ പങ്കെടുക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും സി.ഐ.എ മുന്‍ മേധാവിയും ദുബൈയിലെത്തും
Summary
യു.എസ്. പ്രസിഡന്‍റായി ഡൊണാള്‍ഡ് ട്രംപ് എത്തുന്നതോടെ ലോകക്രമത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളും പുത്തന്‍ അന്തരീക്ഷത്തെ സമീപിക്കേണ്ടതെങ്ങിനെയെന്നുമാകും ഫോറത്തിലെ മുഖ്യ ചര്‍ച്ച

ബുധനാഴ്ച ദുബൈയില്‍ ആരംഭിക്കുന്ന അറബ് സ്ട്രാറ്റജി ഫോറത്തില്‍ പങ്കെടുക്കാന്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണും സി.ഐ.എ മുന്‍ മേധാവി ലിയോണ്‍ പനേറ്റയുമെത്തും. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ രക്ഷകര്‍തൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ അറബ് ലോകത്തും അന്തര്‍ദേശീയ തലത്തിലും പ്രശസ്തരായ രാഷ്ട്രീയ നിരീക്ഷകര്‍, സാമ്പത്തിക ശാസ്ത്രജ്ഞര്‍, അക്കാദമീഷ്യന്‍മാര്‍ എന്നിവര്‍ അണിനിരക്കും.

യു.എസ്. പ്രസിഡന്‍റായി ഡൊണാള്‍ഡ് ട്രംപ് എത്തുന്നതോടെ ലോകക്രമത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളും പുത്തന്‍ അന്തരീക്ഷത്തെ സമീപിക്കേണ്ടതെങ്ങിനെയെന്നുമാകും ഫോറത്തിലെ മുഖ്യ ചര്‍ച്ച. അറബ് മേഖലയുടെ രാഷ്ട്രീയ-സാമ്പത്തിക മുന്നേറ്റങ്ങളും വെല്ലുവിളികളും ഇവിടെ ചര്‍ച്ച ചെയ്യും. അറബ് രാഷ്ട്ര നേതാക്കള്‍ക്ക് ഭാവി ആസൂത്രണം ചെയ്യാനുള്ള വേദിയാണിതെന്നും ലോകത്തിന്റെ പുതുപ്രവണതകള്‍ വിശകലനം ചെയ്ത് ദിശ കണ്ടെത്താനുതകുന്ന മികച്ച സംവാദങ്ങളാണ് നടക്കുകയെന്നും ഫോറത്തിന്റെ ഉപാധ്യക്ഷന്‍ അബ്ദുല്ലാ ബിന്‍ തൂഖ് പറഞ്ഞു.

വരാനിരിക്കുന്ന കാലത്തിന്റെ ആവശ്യങ്ങള്‍ എന്തെന്ന് തിരിച്ചറിഞ്ഞ് ഭാവി ആസൂത്രണം ചെയ്യുന്നതിനും പ്രാദേശിക, അന്തര്‍ദേശീയ വെല്ലുവിളികള്‍ സംബോധന ചെയ്യുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടുന്നതിനും യു.എ.ഇ എന്നും ശ്രദ്ധിച്ചുപോരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ സന്തോഷവും സമൃദ്ധിയും ഉറപ്പാക്കാന്‍ മുന്‍ഗണന നല്‍കിക്കൊണ്ടാണിത്. യു.എ.ഇയില്‍ സാധ്യമായ മാതൃകയില്‍ മേഖലയിലെ രാജ്യങ്ങളും സുഹൃദ് രാഷ്ട്രങ്ങളുമായി കൈകോര്‍ത്ത് ആഗോള വികസനത്തിനാണ് ഫോറം ലക്ഷ്യമിടുന്നത്.

ഈജിപ്ത് മുന്‍ വിദേശകാര്യ മന്ത്രി നബീല്‍ ഫഹ്മി, രാഷ്ട്രീയ ചിന്തകരായ പ്രഫ. ഘസ്സന്‍ സലാം, ഡോ. ഇയാന്‍ ബ്രമ്മര്‍, ഒബാമയുടെ ഗ്ളോബല്‍ ഡവലപ്മെന്‍റ് കൗണ്‍സിലിലെ ഡോ. മുഹമ്മദ് ഇല്‍ ഇറിയാന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന വിവിധ ചര്‍ച്ചകര്‍ ഏറെ ശ്രദ്ധേയമാകും. ഐ.എം.എഫ് തയ്യാറാക്കിയ മേഖലയുടെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും ഫോറത്തില്‍ അവതരിപ്പിക്കും.