LiveTV

Live

Gulf

വിസ പ്രശ്നം: വരനില്ലാതെ വിവാഹം നടന്നു

വിസ പ്രശ്നം: വരനില്ലാതെ വിവാഹം നടന്നു
Summary
റിയാദില്‍ ജോലി ചെയ്യുന്ന വെളിയം സ്വദേശി ഹാരിസ് ഖാനാണ് നിയമകുടുക്കില്‍ പെട്ട് വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്.

വിസ പ്രശ്നങ്ങള്‍ കുടുങ്ങി പ്രവാസി യുവാവിന് നിശ്ചയിച്ച തന്‍റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. റിയാദില്‍ ജോലി ചെയ്യുന്ന വെളിയം സ്വദേശി ഹാരിസ് ഖാനാണ് നിയമകുടുക്കില്‍ പെട്ട് വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്. സഹോദരി താലി കെട്ടി വിവാഹ ചടങ്ങുകള്‍ മുടക്കമില്ലാതെ നടന്നു.

റിയാദ് അസീസിയയില്‍ സ്വകാര്യ ഫുഡ് കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന കൊല്ലം വെളിയം സ്വദേശി ചരുവിള പുത്തന്‍ വീട്ടില്‍ ഹാരിസ് ഖാനും മക്കയിലെ കിംങ് ഫഹദ് ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന ആലപ്പുഴ താമരക്കുളം സ്വദേശി ഷംലയും തമ്മിലുള്ള നികാഹ് വ്യാഴാഴ്ച ആലപ്പുഴ താമരക്കുളം തന്പുരാന്‍ ലാന്‍റ് ഗ്രാന്‍റ് ഓഡിറ്റോറിയത്തില്‍ മൂന്ന് മാസം മുമ്പാണ് വീട്ടുകാര്‍ വിവാഹം നിശ്ചയിച്ചത്. മക്കയില്‍ വെച്ചാണ് പെണ്ണുകാണല്‍ ചടങ്ങ് ന‌‌ടന്നത്.

ഹാരിസ് നാട്ടില്‍ പോയിട്ട് രണ്ടു വര്‍ഷമായി . വിവാഹത്തിനായി നവംബര്‍ 15ന് നാട്ടിലേക്ക് പോകാന്‍ ഒരുങ്ങിയതാണ്. ഇഖാമ കാലാവധി പത്ത് ദിവസം മുന്പ് അവസാനിച്ചിരുന്നു. നിതാഖാത്ത് പ്രകാരം കമ്പനി മഞ്ഞ ഗണത്തിലായതിനാല്‍ ഇഖാമ പുതുക്കാന്‍ സാധിച്ചില്ല. മൂന്ന് സ്വദേശികള്‍ ഒരുമിച്ച് രാജിവെച്ചതിനാലാണ് ഗ്രീന്‍ കാറ്റഗറിയിലെ കമ്പനി മഞ്ഞയിലേക്ക് മാറിയത്.

ഇഖാമ പുതുക്കി റീ എന്‍ട്രി വിസ അടിക്കാന്‍ കമ്പനി ഉടമകളായ സൌദി പൌരന്‍മാര്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്‍ ചടങ്ങുകള്‍ മുടക്കമില്ലാതെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇരു വീട്ടുകാരും നാട്ടുകാരും പൂര്‍ണ്ണ പിന്തുണ നല്‍കി. സഹോദരി നജിത താലി ചാര്‍ത്തി.

കമ്പനിയിലെ മുഴുന്‍ ജീവനക്കാര്‍ക്കും ഉടമയുടെ വക വിവാഹ സദ്യയൊരുക്കി. നിയമ കുരുക്കഴിച്ച് ഞായാറാഴ്ച നാട്ടിലേക്ക് പോകാമെന്ന പ്രതീക്ഷയിലാണ് ഹാരിസ് .