LiveTV

Live

Gulf

സാമ്പത്തിക പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തണമെന്നു കുവൈത്തിന് ഐ.എം.എഫിന്റെ നിർദേശം

സാമ്പത്തിക പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തണമെന്നു കുവൈത്തിന് ഐ.എം.എഫിന്റെ നിർദേശം
Summary
സമ്പദ് വ്യവസ്ഥയുടെ സുരക്ഷക്ക് കൂടുതൽ നിയന്ത്രണങ്ങൾ അനിവാര്യമാണെന്നാണ് ഐ.എം.എഫ് വിലയിരുത്തൽ

സാമ്പത്തിക പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തണമെന്നു കുവൈത്തിന് ഇന്‍റര്‍നാഷനല്‍ മോണിറ്ററി ഫണ്ടിന്റെ നിർദേശം. സബ്സിഡികള്‍ വെട്ടിക്കുറക്കണമെന്നും പൊതുമേഖലയിലെ ഭീമമായ ശമ്പളച്ചെലവില്‍ കുറവുവരുത്തണമെന്നും ആണ് ഐ.എം.എഫ് നിർദേശിച്ചത്.

സമ്പദ് വ്യവസ്ഥയുടെ സുരക്ഷക്ക് കൂടുതൽ നിയന്ത്രണങ്ങൾ അനിവാര്യമാണെന്നാണ് ഐ.എം.എഫ് വിലയിരുത്തൽ. ക്രൂഡോയില്‍ വിലയിടിവ് കുവൈത്ത് സമ്പദ് ഘടനയിൽ ഉണ്ടാക്കിയ ആഘാതം ചില്ലറയല്ല. ബജറ്റ് കമ്മി നികത്താൻ അടുത്ത ആറ് വര്‍ഷത്തേക്ക് കുവൈത്തിന് 35 ബില്യണ്‍ ദീനാര്‍ വേണ്ടിവരും. ഇതിനായി സബ്സിഡി ഇനിയും വെട്ടിക്കുറക്കണമെന്നു ഐ.എം.എഫ് നിർദേശിച്ചതായി ധന മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. സർക്കാർ മേഖലയിലെ ശമ്പളച്ചെലവിൽ കുറവ് വരുത്തണമെന്നും നിർദേശമുണ്ട് വരുമാനത്തിൻറെ 80 ശതമാനവും എണ്ണ വില്‍പനയിലൂടെ വകയിരുത്തുന്ന കുവൈത്തിനു ക്രൂഡോയില്‍ വിലയിടിവിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മാത്രം വരുമാനത്തില്‍ 41 ശതമാനം കുറവാണുണ്ടായത്. പൊതുചെലവില്‍ 1.8 ശതമാനത്തിന്‍െറ വര്‍ധനയും ഉണ്ടായി. അടുത്ത മൂന്നു വര്‍ഷത്തേക്ക് അവശ്യ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും നല്‍കുന്ന സബ്സിഡിക്കായി മാത്രം 1600 കോടി ദീനാര്‍ ആവശ്യമായി വരുമെന്നാണ് ധനമന്ത്രാലയത്തിന്‍െറ കണക്കു.പ്രതിസന്ധി ഒഴിവാക്കാൻ പടിപടിയായി സബ്സിഡികള്‍ കുറച്ചുകൊണ്ടുവന്ന് നാലുവര്‍ഷത്തിനകം പൂര്‍ണമായി നിര്‍ത്തലാക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട് .അതിനിടെ വിദേശികൾക്ക് അഞ്ചു ശതമാനം റെമിറ്റൻസ് ടാക്സ് ഏർപ്പെടുത്തണമെന്ന കരട് നിർദേശത്തിനു മിനിസ്റ്റീരിയൽ കമ്മിറ്റി അന്തിമ രൂപം നൽകിയതായി സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി. വിദേശത്തേക്കുള്ള ധന വിനിമയങ്ങൾക്കു കമ്പനികളിൽ നിന്ന് 10 ശതമാനവും വ്യക്തികളിൽ നിന്ന് അഞ്ചു ശതമാനവും നികുതി ഈടാക്കണമെന്ന നിർദേശം പുതിയ പാർലിമെന്റ് നിലവിൽ വന്നയുടൻ വോട്ടിനിടാണ് സർക്കാർ നീക്കം.