LiveTV

Live

Gulf

സൗദിയുടെ ആദ്യ ആണവ നിലയത്തിന്റെ സ്ഥലനിര്‍ണയം ഉടന്‍

സൗദിയുടെ ആദ്യ ആണവ നിലയത്തിന്റെ സ്ഥലനിര്‍ണയം ഉടന്‍
Summary
രാജ്യത്തിന്റെ വര്‍ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യം പരിഗണിച്ച് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ അംഗീകാരത്തോടെയായിരിക്കും ആണവ നിലയം പ്രവര്‍ത്തിക്കുക.

സൗദിയില്‍ നിര്‍മിക്കുന്ന ആദ്യ ആണവ നിലയത്തിന്റെ സ്ഥലനിര്‍ണയം ഉടന്‍ നടക്കുമെന്ന് ഊര്‍ജ്ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. രാജ്യത്തിന്റെ വര്‍ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യം പരിഗണിച്ച് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ അംഗീകാരത്തോടെയായിരിക്കും ആണവ നിലയം പ്രവര്‍ത്തിക്കുക. വിവിധ രാജ്യങ്ങളുമായി സൗദി ഒപ്പുവെച്ച കരാറുകള്‍ ഈ രംഗത്ത് ഏറെ സഹായകമാവുമെന്നാണ് പ്രതീക്ഷ.

സൗദിയുടെ ഊര്‍ജ്ജ ആവശ്യത്തിന് പെട്രോള്‍ നിലയങ്ങളെ മാത്രം അവലംബിക്കാനാവില്ല. എണ്ണ വില കുറയുന്ന സാഹചര്യത്തില്‍ പകരം ഊര്‍ജ്ജ സ്രോതസ്സുകള്‍ കണ്ടത്തേണ്ടത് അത്യാവശ്യവുമാണ്. ഈ സാഹചര്യത്തിലാണ് സമാധാന ആവശ്യത്തിന് ആണവ പദ്ധതി ആരംഭിക്കാന്‍ സൗദി തീരുമാനിച്ചതെന്ന് ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. ആദ്യ ആണവ നിലയത്തിന്റെ സ്ഥലനിര്‍ണയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയ ഊര്‍ജ്ജ മന്ത്രി ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.

ഫ്രാന്‍സ്, ബ്രിട്ടന്‍, ഹംഗറി തുടങ്ങിയ രാജ്യങ്ങളുമായി സൗദി ഇതിനകം ആണവസഹകരണ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. 2015 ഒക്ടോബര്‍ 12ന് ഫ്രാന്‍സ് പ്രധാനമന്ത്രി മാനുവല്‍ വാള്‍സിന്റെ റിയാദ് സന്ദര്‍ശന വേളയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ സമാധാന ആവശ്യത്തിനുള്ള ആണവസഹകരണ കരാര്‍ ഒപ്പുവെച്ചത്. 2015 ഫെബ്രുവരി 25ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ചൈനയുമായുള്ള ആണവകരാറിനാണ് അംഗീകാരം നല്‍കിയത്. തുടര്‍ന്ന് 2015 നവംബര്‍ 16ന് ചേര്‍ന്ന മന്ത്രിസഭ യോഗം ബ്രിട്ടനുമായും 2016 ആഗസ്റ്റ് 29ന് ചേര്‍ന്ന മന്ത്രിസഭ യോഗം ഹംഗറിയുമായും ആണവകരാര്‍ ഒപ്പുവെക്കുന്നതിന് അംഗീകാരം നല്‍കിയിരുന്നു. ഡോ. ഹാശിം യമാനി മേധാവിയായുള്ള തലസ്ഥാനത്തെ കിങ് അബ്ദുല്ല ആണവോര്‍ജ്ജ നഗരമാണ് ആണവ നിലയത്തിന്റെ നിര്‍മാണവും മേല്‍നോട്ടവും നിര്‍വഹിക്കുക.