സാമൂഹ്യ സേവനം ലക്ഷ്യമിട്ട് ദുബൈയില്‍ എന്‍ഡോവ്മെന്റ് ടാക്സി നിരത്തിലിറക്കി

ടാക്സി യാത്രക്ക് ചെലവാക്കുന്ന പണം സമൂഹത്തിന് കൂടി ഉപകരിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്കായി ദുബൈയില്‍ പ്രത്യേക ടാക്സികള്‍ നിരത്തിലിറക്കി. ഈ ടാക്സികളില്‍ നിന്നുള്ള വരുമാനം വിവിധ ധനസഹായങ്ങള്ക്കാണ് വിനിയോഗിക്കുക. എന്‍ഡോവ്മെന്റ് ടാക്സി എന്നാണ് ഈ വാഹനങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്.
ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് എന്‍ഡോമെന്റ് ടാക്സി എന്ന് ആശയത്തിന് പിന്നില്‍. ദുബൈ എന്‍ഡോവ്മെന്റ് എന്ന പേരില്‍ ദുബൈ സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ ധനസഹായ പദ്ധതിയിലേക്കാണ് ഈ ടാക്സിയില്‍ നിന്നുള്ള വരുമാനം ഉപയോഗിക്കുക. എന്‍ഡോവ്മെന്റ് ടാക്സികളില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ എന്‍ഡോവ്മെന്റുകളുടെ പരസ്യം പതിച്ചിരിക്കും. പദ്ധതികളുടെ പ്രചാരത്തിന് ഒപ്പം അതിലേക്കുള്ള യാത്രക്കാരുടെ പങ്ക് കൂടി ഈ വാഹനങ്ങള്‍ സമാഹരിക്കും.
ദുബൈ ഭരണാധികാരി അടുത്തിടെ പ്രഖ്യാപിച്ച മുഹമ്മദ് ബിന്‍ റാശിദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ എന്‍ഡോവ്മെന്റ് കണ്‍സള്‍ട്ടന്‍സി ഏറ്റെടുക്കുന്നതും നിര്‍ദേശിക്കുന്നതുമായ പദ്ധതികള്‍ക്കാണ് ഈ ടാക്സി ധനസമാഹരണം നടത്തുക. ശാസ്ത്രസാങ്കേതിക, സാമൂഹിക പഠനമേഖലകളിലെ ഉന്നമനം ലക്ഷ്യമിട്ടായിരിക്കും കൂടുതല്‍ പദ്ധതികളും. ലോകത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു ലക്ഷ്യത്തിനായി ടാക്സി നിരത്തിലിറക്കുന്നത്.