എണ്ണയെ ആശ്രയിക്കാതെ വികസനം ലക്ഷ്യമിടുന്ന സൌദി വിഷന്‍ 2030 ന് മന്ത്രിസഭയുടെ അംഗീകാരം

എണ്ണയെ ആശ്രയിക്കാത്ത വികസനം ലക്ഷ്യമിടുന്ന പരിഷ്കരണ പദ്ധതിയായ സൌദി വിഷന്‍ 2030 ന് സൌദി മന്ത്രിസഭയുടെ അംഗീകാരം.
പരിഷ്കരണത്തിന്റെ ഭാഗമായി രാജകുടുംബാംഗങ്ങള്‍ അടക്കമുള്ള ധനികരുടെ സബ്സിഡി എടുത്തുമാറ്റും. ദേശീയ എണ്ണക്കനമ്പനിയായ
അരാംകൊയുടെ 5 ശതമാനം ഓഹരി വിറ്റഴിക്കും. പ്രവാസികള്‍ക്ക് ഗ്രീന്‍ കാര്‍ഡും ടൂറിസ്റ്റ് വിസയും അനുവദിക്കാനും മന്ത്രി സഭ തീരുമാനിച്ചു.
രണ്ടാം കിരീടവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് അധ്യക്ഷനായ സാന്പത്തിക വികസന കാര്യ സമിതി സമര്‍പ്പിച്ച കരട് നിര്‍ദേശങ്ങളാണ് മന്ത്രിസഭ അംഗീകരിച്ചത്. അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് അല്‍ അറബിയ്യ ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രഖ്യാപനം.
സബ്സിഡി അര്‍ഹരായവര്‍ക്ക് മാത്രമാക്കും. രാജ കുടുംബാംഗങ്ങളും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവരുടെ സബ്സിഡി എടുത്തുമാറ്റും. ദേശീയ എണ്ണ കമ്പനിയായ സൌദി അരാംകൊയുടെ അഞ്ച് ശതമാനം ഓഹരികള്‍ വില്‍ക്കും. വികസനത്തിന് രണ്ട് ട്രില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ഫണ്ട് രൂപീകരിക്കും. പ്രവാസികള്‍ക്ക് അഞ്ച് വര്‍ഷത്തിനകം ഗ്രീന്‍ കാര്‍ഡ് ഏര്‍പ്പെടുത്തും. അറബികള്‍ക്കും മറ്റും ദീര്‍ഘകാലം സൌദിയില്‍ താമസിക്കാന്‍ ഇത് അവസരമൊരുക്കും. തൊഴിലില്ലായ്മ 11.6 ശതമാനത്തില്‍ നിന്ന് എഴ് ശതമാനമാക്കി കുറക്കും. നിയന്ത്രണങ്ങളോടെ ടൂറിസം മേഖല എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കും. പരിഷ്കരണ പദ്ധതി പ്രഖ്യാപനത്തോടെ സൌദി ഓഹരി സൂചിക 1.8 ശതമാനം ഉയര്‍ന്നു.