LiveTV

Live

Gulf

കുവൈത്തിൽ ട്രാഫിക് ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്കായി പ്രത്യേക ഓഫീസ്

കുവൈത്തിൽ ട്രാഫിക് ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്കായി പ്രത്യേക ഓഫീസ്
Summary
ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ നവംബർ മധ്യത്തോടെ ഓഫീസ് പ്രവർത്തനമാരംഭിക്കുമെന്നു ഗതാഗതവകുപ്പ് അറിയിച്ചു

കുവൈത്തിൽ ട്രാഫിക് ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക ഓഫീസ് വരുന്നു . ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ നവംബർ മധ്യത്തോടെ ഓഫീസ് പ്രവർത്തനമാരംഭിക്കുമെന്നു ഗതാഗതവകുപ്പ് അറിയിച്ചു . പരോക്ഷ നിയമലംഘനങ്ങളുടെ എണ്ണം ക്രമാധീതമായി വർദ്ധിച്ച സാഹചര്യത്തിലാണ് ഇത്തരം കേസുകൾക്ക് മാത്രമായി പ്രത്യേക ഓഫീസ് എന്ന ആശയത്തിന് ആഭ്യന്തരമന്ത്രാലയം രൂപം നൽകുന്നത് .

ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ ട്രാഫിക് ക്യാമറകളിലൂടെ കണ്ടെത്തുന്ന നിയമലംഘനങ്ങളാണ് ഇൻഡയറക്റ്റ് വയലേഷൻ അഥവാ പരോക്ഷ നിയമലംഘനം എന്ന ഗണത്തിൽ വരുന്നത് പരോക്ഷ നിയമലംഘനങ്ങൾക്കു വാഹനഉടമയിൽ നിന്ന് പിഴ ഈടാക്കുകമാത്രമാണ് നിലവിലുള്ള നടപടി .ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി പിഴ സംഖ്യ എത്രയാണെന്ന് പരിശോധിക്കാനും കെ നെറ്റ് കാർഡ് വഴി അവ അടക്കാനും ഉള്ള സൗകര്യമുണ്ട് . ഈ രീതിക്കു പകരം പരോക്ഷ നിയമലംഘനങ്ങൾ നടത്തുന്നവരെ നേരിട്ട് വിളിച്ചു വരുത്തി പിഴ ഈടാക്കാനാണ് പ്രത്യേക ഓഫീസ് ആരംഭിക്കുന്നത് . നിയമലംഘനം രേഖപ്പെടുത്തപ്പെട്ടാൽ ഇതിനായുള്ള പ്രത്യേക ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് വാഹനഉടമക്ക് സമൻസ് അയക്കും . സമൻസ് അവഗണിച്ചാൽ എല്ലാ വിധ സർക്കാർ സേവനങ്ങളും തടയപ്പെടും . കുട്ടികളും ലൈസൻസില്ലാത്ത കൗമാരക്കാരും നടത്തുന്ന നിയമലംഘനങ്ങൾ രക്ഷിതാക്കളെ അറിയിക്കുക എന്ന ലക്ഷ്യവും പുതിയ തീരുമാനത്തിന് പിന്നിലുണ്ട് . രാജ്യത്തെ നിരത്തുകളിൽ ഹൈടെക് നിരീക്ഷണക്യാമറകൾ സ്ഥാപിച്ചതിന് ശേഷം പരോക്ഷ നിയമലംഘനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായത് . ഒക്ടോബർ മാസത്തിലെ ആദ്യ ദിവസത്തിനുള്ളിൽ മാത്രം 1,467,368 നിയമലംഘനങ്ങളാണ് ക്യാമറയിൽ പതിഞ്ഞത് , ഇതിൽ 1,157,607 എണ്ണം വേഗപരിധി ലംഘനവും 135,201 റെഡ് സിഗ്നൽ മറികടന്നതുമാണ് . ഈ സാഹചര്യത്തിലാണ് ഗതാഗതവകുപ്പ് പുതിയ പരിഷ്‌കാരങ്ങൾ നടപ്പിൽ വരുത്തുന്നത്.