LiveTV

Live

Gulf

കുവൈത്തിൽ അഞ്ചു ദ്വീപുകൾ ഉൾപ്പെടുത്തി വൻ വിനോദ സഞ്ചാര പദ്ധതി

 കുവൈത്തിൽ അഞ്ചു ദ്വീപുകൾ ഉൾപ്പെടുത്തി വൻ വിനോദ സഞ്ചാര പദ്ധതി
Summary
160 ശതകോടി ദിനാർ ചെലവ് വരുന്ന പദ്ധതിയിലൂടെ രണ്ടു ലക്ഷം പേർക്ക് നേരിട്ടു തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

കുവൈത്തിൽ അഞ്ചു ദ്വീപുകൾ ഉൾപ്പെടുത്തി വൻ വിനോദ സഞ്ചാര പദ്ധതി നടപ്പാക്കുന്നു . 160 ശതകോടി ദിനാർ ചെലവ് വരുന്ന പദ്ധതിയിലൂടെ രണ്ടു ലക്ഷം പേർക്ക് നേരിട്ടു തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കുവൈത്ത് അമീർ വിഭാവനം ചെയ്ത വിഷൻ 2035ന്റെ ഭാഗമാണ് നിർദിഷ്ട ദ്വീപ്​ വികസന പദ്ധതി.

ബുബ്​യാൻ, വർബ, ഫൈലക, മസ്കൻ, ഔഹ എന്നീ ദ്വീപുകൾ ഉൾപ്പെടുത്തിയുള്ള വിനോദസഞ്ചാര വികസനത്തിനാണ് ദ്വീപ്​ വികസന സമിതി പദ്ധതി തയാറാക്കുന്നത് . ടൂറിസം മേഖലയിൽനിന്ന്​ പ്രതിവർഷം 40 ശതകോടി ദീനാർ വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്​ വൻമുതൽ മുടക്കിന്​ രാജ്യം ഒരുങ്ങുന്നത് . 2,00,000 തൊഴിലവസരങ്ങൾ ഇതുവഴി സൃഷ്ടിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷ. ഇറ്റാലിയൻ നഗരമായ വെനീസിലേതുപോലെ കനാലുകൾ നിർമിച്ച്​ ദ്വീപുകളെ ടൂറിസം കേന്ദ്രങ്ങളായി മാറ്റും. അനുബന്ധമായി വ്യാപാര സമുച്ചയങ്ങളും കലാകേന്ദ്രങ്ങളും മറ്റു അടിസ്ഥാന സൗകര്യങ്ങളും നിർമിക്കും. ടൂറിസം മേഖലയിൽ ഫ്രീ സോൺ, ഫയലുകളും പദ്ധതികളും ചുവപ്പുനാടയിൽ കുരുങ്ങാതിരിക്കാൻ പ്രത്യേക ചട്ടങ്ങൾ എന്നിവ നടപ്പാക്കും . 20 വർഷം

കൊണ്ടു പൂർത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതിയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളി​ൽനിന്ന്​ നിക്ഷേപം സ്വീകരിക്കും . രാജ്യത്തിലേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപം ഇരട്ടിയാക്കാൻ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നു വിഷൻ 2035 ആസൂത്രണ സമിതിയംഗം ഹനാൻ അഷ്​കാനി പറഞ്ഞു. രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് എണ്ണയിതര വരുമാന മാർഗങ്ങളെ ആശ്രയിക്കേണ്ടതുണ്ടെന്ന കാഴ്ചപ്പാടാണ് വിഷൻ 2035 പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്.