LiveTV

Live

Gulf

പ്രഥമ പ്രവാസി രത്ന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

പ്രഥമ പ്രവാസി രത്ന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
Summary
സേവനരംഗത്ത് മൂന്നു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയ 9 പേര്‍ക്കായി മലയാളി ജിദ്ദയാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്

സേവനരംഗത്ത് മൂന്നു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കായി മലയാളി ജിദ്ദ ഏര്‍പ്പെടുത്തിയ പ്രഥമ പ്രവാസി രത്ന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അമ്പതോളം പേരില്‍ നിന്നും പ്രത്യേകം തിരഞ്ഞെടുത്ത ഒമ്പത് പേരാണ് അവാര്‍ഡിന് അര്‍ഹരായിരിക്കുന്നതെന്ന് ജൂറി അംഗങ്ങളും സംഘാടകരും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജൂറി അംഗങ്ങളായ ഗള്‍ഫ് മാധ്യമം എക്സിക്യൂടീവ് എഡിറ്റര്‍​വി. എം. ഇബ്രാഹിം, മലയാളം ന്യൂസ് സ്റ്റാഫ് റിപ്പോര്‍ട്ടര്‍​പി. എം. മായിന്‍കുട്ടി എന്നിവരാണ് മലയാളി ജിദ്ദ ഏര്‍പ്പെടുത്തിയ പ്രഥമ പ്രവാസിരത്ന പുരസ്കാരം പ്രഖ്യാപിച്ചത്. വല്ലാഞ്ചിറ മുഹമ്മദ്‌ അലി, കെ. പി, മുഹമ്മദ്‌ കുട്ടി, ചെമ്പന്‍ അബ്ബാസ്‌, പാഴേരി കുഞ്ഞിമുഹമ്മദ്, വി. കെ. റവൂഫ്, മുഹമ്മദലി മുസ്ലിയാരകത്ത്, സലാഹ് കാരാടന്‍, പി. വി. ഹസന്‍ സിദ്ധീഖ് ബാബു, തോമസ്‌ വൈദ്യര്‍ എന്നീ ഒമ്പത് പേരാണ് ​പുരസ്കാരത്തിനര്‍ഹരായത്. വാര്‍ത്താ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും അന്യമായിരുന്ന കാലം മുതല്‍ പ്രവാസികള്‍ക്ക് ഉപകാരമായ രീതിയില്‍ പൊതുപ്രവര്‍ത്തനം തുടങ്ങുകയും അത് നിസ്വാര്‍ഥമായി തുടരുകയും ചെയ്തവരെയാണ് പുരസ്കാരത്തിനായി പരിഗണിച്ചതെന്ന് ജൂറി അംഗങ്ങള്‍ അറിയിച്ചു. സാമൂഹ്യ സേവന രംഗത്തെ വ്യത്യസ്ത മേഖലകള്‍ക്ക് പരിഗണന നല്‍കിയാണ്‌ പുരസ്കാരം ഒമ്പത് പേരില്‍ പരിമിതപ്പെടുത്തിയതെന്നും അവര്‍ അറിയിച്ചു.

ഗ്രന്ഥകര്‍ത്താവും പ്രഭാഷകനുമായ രായിന്‍കുട്ടി നീറാടും ജൂറിയില്‍ അംഗമായിരുന്നു. പഴയ കാല സാമൂഹ്യ പ്രവര്‍ത്തകരെ ആദരിക്കുന്നതോടൊപ്പം പുതു തലമുറയിലെ സാമൂഹ്യ സേവന തല്പരരെ പ്രോത്സാഹിപ്പിക്കുക കൂടിയാണ് ഈ പുരസ്കാരത്തിലൂടെ ​തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അടുത്ത മാസം ജിദ്ദയില്‍ വിപുലമായി സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ വെച്ച് പുരസ്കാരങ്ങള്‍ സമ്മാനിക്കുമെന്നും മലയാളി ജിദ്ദ ​സംഘാടകര്‍ അറിയിച്ചു.