LiveTV

Live

Gulf

ഒമാനിൽ വീണ്ടും മെർസ്​ രോഗബാധ റിപ്പോർട്ട്​ 

ഒമാനിൽ വീണ്ടും മെർസ്​ രോഗബാധ റിപ്പോർട്ട്​ 
Summary
മുസന്നയിൽ നിന്നുള്ള 54 വയസുകാരനാണ്​ ചികിൽസയിലുള്ളതെന്ന്​ ലോകാരോഗ്യ സംഘടന അറിയിച്ചു

ഒമാനിൽ ഒരിടവേളക്ക്​ ശേഷം വീണ്ടും മെർസ്​ രോഗബാധ റിപ്പോർട്ട്​ ചെയ്​തു. മുസന്നയിൽ നിന്നുള്ള 54 വയസുകാരനാണ്​ ചികിൽസയിലുള്ളതെന്ന്​ ലോകാരോഗ്യ സംഘടന അറിയിച്ചു. ​ ഏത് സാഹചര്യം നേരിടാനും സജ്ജമാണെന്ന്​ ആരോഗ്യ മന്ത്രാലയത്തിന്​ കീഴിലുള്ള സെൻറർ ഫോർ ഹെൽത്ത്​ പ്രൊട്ടക്ഷൻ അറിയിച്ചു. കഴിഞ്ഞ വർഷം നവംബറിലാണ്​ ഒമാനിൽ അവസാനമായി 'മെർസ്​' ബാധ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​​. ലോകത്ത്​ ഇതുവരെയായി 2080 'മെർസ്​' ബാധകളാണ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. ഇതിൽ 722 പേർ മരണപ്പെട്ടതായും ലോകാരോഗ്യ സംഘടന അറിയിച്ചു.

മിഡിലീസ്​റ്റ്​ രാജ്യങ്ങളിൽ 864 പേർക്കാണ്​ രോഗം പിടിപ്പെട്ടത്​. ഒമാനിൽ രോഗം ബാധിച്ചവരിൽ മൂന്ന്​ പേർ മാത്രമാണ്​ മരണപ്പെട്ടിട്ടുള്ളത്​. മനുഷ്യന്റെ ശ്വസനവ്യവസ്​ഥയെ ബാധിക്കുന്ന ഗുരുതര രോഗമാണ്​ 'മെർസ്​'​. കടുത്ത പനി,ചുമ, അതി കഠിനമായ ശ്വാസ തടസം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടക്കത്തിലേ കണ്ടെത്തി ചികിൽസ നൽകിയാൽ രോഗം ഭേദമാക്കാൻ കഴിയും. അതികഠിനമായ ശ്വാസതടസത്തോടെയുള്ള പനിയുള്ളവർ ഉടൻ ചികിൽസ തേടണം. ചികിൽസ വൈകിയാൽ രോഗ വിമുക്തി എളുപ്പമല്ലെന്നും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

രോഗബാധിതരിലെ മരണനിരക്ക്​ ഉയർന്നതാണെന്നതിനാൽ ഉയർന്ന ജാഗ്രത ആവശ്യമാണ്​. ഒട്ടകങ്ങളിൽ നിന്നാണ് രോഗം പ്രധാനമായും മനുഷ്യരിലേക്ക് പകരുന്നത്. അതുകൊണ്ട് തന്നെ ഒട്ടകങ്ങളുമായി ഇടപഴകുന്നവർ ശുചിത്വ നിർദേശങ്ങൾ കർശനമായി പാലിക്കണം.. രോഗബാധ റിപ്പോർട്ട്​ ചെയ്യപ്പെട്ട സ്​ഥലങ്ങളിൽ പോകുന്നവർ ആരോഗ്യകരമായ മുൻകരുതൽ നടപടികൾ കൈകൊള്ളണം. സഞ്ചാരികൾക്ക്​ ഒട്ടകങ്ങളുമായി നേരിട്ട്​ സമ്പർക്കമുണ്ടാകുന്ന വിനോദ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ നിന്ന്​ ടൂർ ഏജൻറുമാർ മാറി നിൽക്കണം. പക്ഷികൾ,കോഴി തുടങ്ങിയവയുമായുള്ള സമ്പർക്കം സഞ്ചാരികൾ ഒഴിവാക്കുന്നതും നല്ലതാകുമെന്ന്​ സെൻറർ ഫോർ ഹെൽത്ത്​ പ്രൊട്ടക്ഷൻ വക്​താവ്​ അറിയിച്ചു.