LiveTV

Live

Gulf

കുവൈത്തില്‍ വിദേശികളുടെ ചികിത്സാ ഫീസ് വര്‍ധന ഒക്ടോബര്‍ ഒന്ന് മുതല്‍ 

കുവൈത്തില്‍ വിദേശികളുടെ ചികിത്സാ ഫീസ് വര്‍ധന ഒക്ടോബര്‍ ഒന്ന് മുതല്‍ 
Summary
ഇത് സംബന്ധിച്ച സർക്കുലർ ആരോഗ്യമന്ത്രാലയം രാജ്യത്തെ എല്ലാ ആശുപത്രികൾക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും അയച്ചു.

കുവൈറ്റിലെ സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും വിദേശികളുടെ ചികിത്സാ ഫീസ്​ വർധന ഒക്​ടോബർ ഒന്ന് മുതൽ പ്രാബല്യത്തിലാകും. ഇത് സംബന്ധിച്ച സർക്കുലർ ആരോഗ്യമന്ത്രാലയം രാജ്യത്തെ എല്ലാ ആശുപത്രികൾക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും അയച്ചു. പുതിയ നിയമപ്രകാരം ആരോഗ്യമന്ത്രാലയത്തിന് കീഴിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടറെ കാണണമെങ്കിൽ രണ്ട് ദിനാറിന്റെ സ്​റ്റാമ്പ് പതിക്കണം. നിലവിൽ ഇതിന് ഒരു ദിനാറാണ് ഈടാക്കുന്നത്. സർക്കാർ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ കാണിക്കുന്നതിന്റെ ഫീസ്​ അഞ്ച് ദിനാറായി ഉയരും.

ഏത് ആശുപത്രിയിലെയും ഔട്ട് പേഷ്യൻറ് വിഭാഗത്തിൽ കാണിക്കുന്നതിന് 10 ദിനാർ കൊടുക്കേണ്ടതായി വരും. 30 ദിനാർ ആണ് പ്രതിദിന ഐ.സി.യു ഫീസ്. നിലവിൽ ഐ.സി.യു, ജനറൽ വാർഡ് എന്നിവയിൽ തികച്ചും സൗജന്യമായി ലഭിക്കുന്ന സേവനങ്ങൾക്കാണ് ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്. മാതൃശിശു ആശുപത്രിയിലെ പരിശോധനക്ക് പത്തു ദിനാറും പ്രസവത്തിന്​ മൂന്ന്​ ദിവസത്തെ ആശുപത്രിവാസം ഉൾപ്പെടെ 50 ദിനാറും നൽകണം. സന്ദർശന വിസയിലുള്ളവർക്ക്​ ക്ലിനിക്കുകളിൽ 10 ദിനാറും ആശുപത്രികളിൽ 20 ദിനാറും സ്‌പെഷ്ൽ ഒ.പി ക്ലിനിക്കുകളിൽ 30 ദിനാറും ആണ് പരിശോധനാഫീസ്. കഴിഞ്ഞ ഒന്നര വർഷമായി മെഡിക്കൽ സേവനങ്ങൾക്ക് പകരമായി വിദേശികളിൽനിന്ന് ഇടാക്കുന്ന ഫീസ്​ വർധിപ്പിക്കുന്നതിനെ കുറിച്ച് പഠിച്ചുവരികയായിരുന്നു.

അതിനാൽ തന്നെ തീരുമാനത്തിൽ ഇനി മാറ്റമുണ്ടായിരിക്കില്ലെന്നും രണ്ടാഴ്ചയോടെ അത് പ്രയോഗത്തിൽ കൊണ്ടുവരുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം, കാൻസർ ബാധിതരായ 12 വയസ്സിന് താഴെയുള്ള വിദേശ കുട്ടികൾക്ക് എല്ലാ ചികിത്സയും സൗജന്യമായി നല്‍കും.