LiveTV

Live

Gulf

സാമ്പത്തികമാന്ദ്യം തുടരുമെന്ന് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക്

സാമ്പത്തികമാന്ദ്യം തുടരുമെന്ന് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക്
Summary
എണ്ണവിലയില്‍ ചെറിയ വര്‍ധനവിന് സാധ്യത ഉണ്ടെങ്കില്‍ ഒമാന്‍ എണ്ണവില പ്രതീക്ഷിത നിലവാരത്തില്‍ നിന്ന് താഴെ തന്നെ തുടരാനാണ് സാധ്യത.

സമ്പദ്ഘടനയില്‍ അനുഭവപ്പെടുന്ന മാന്ദ്യം ഈ വര്‍ഷവും തുടരുമെന്ന് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക്. മാന്ദ്യം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഹൃസ്വകാലത്തേക്ക് നേരിടാന്‍ രാജ്യം പര്യാപ്തമാണെന്നും സെന്‍ട്രല്‍ ബാങ്ക് ഞായറാഴ്ച പുറത്തിറക്കിയ 2016 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

എണ്ണവിലയില്‍ ചെറിയ വര്‍ധനവിന് സാധ്യത ഉണ്ടെങ്കില്‍ ഒമാന്‍ എണ്ണവില പ്രതീക്ഷിത നിലവാരത്തില്‍ നിന്ന് താഴെ തന്നെ തുടരാനാണ് സാധ്യത. ഇതുവഴി ധനകമ്മി കുറക്കുന്ന നടപടികളുടെയും എണ്ണയിതര മേഖലയുടെയും വളര്‍ച്ചാവേഗം കുറയുന്നത് സമ്പദ്ഘടനയില്‍ പ്രതിഫലിക്കും.

രാജ്യത്തിന്റെ സമ്പദ്ഘടനയുടെ ആരോഗ്യത്തിന്റെ അടിസ്ഥാനമായ കറന്റ് അക്കൗണ്ട് ബാലന്‍സിലും നീക്കിയിരിപ്പ് ധനത്തിലും കഴിഞ്ഞ വര്‍ഷം വലിയ കമ്മിയാണ് രേഖപ്പെടുത്തിയത്. ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഈ രണ്ട് വിഭാഗങ്ങളിലും കമ്മി രേഖപ്പെടുത്തുന്നത്. ഹൈഡ്രോകാര്‍ബണ്‍ മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ വലിയ ഇടിവുണ്ടായപ്പോള്‍ ഇതര മേഖലയില്‍ ചെറിയ വര്‍ധനവ് മാത്രമാണ് ദൃശ്യമായത്.

വിപണിവില അടിസ്ഥാനമാക്കിയുള്ള നോമിനല്‍ ജി.ഡി.പി കഴിഞ്ഞ വര്‍ഷം 5.1ലാണ് എത്തി നില്‍ക്കുന്നത്. പണപെരുപ്പത്തില്‍ 1.1 ശതമാനത്തിന്റെയും വര്‍ധനവുണ്ടായി. മൂല്ല്യവര്‍ധിത നികുതിയും എക്‌സ്‌സൈസ് നികുതിയും നടപ്പില്‍ വരുത്തുന്നതും തൊഴില്‍ നിയമ പരിഷ്‌കരണം, നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ച നിയമത്തിനുള്ള അനുമതി തുടങ്ങിയവയാകും ഇടക്കാല അടിസ്ഥാനത്തില്‍ സമ്പദ്ഘടനയുടെ പുരോഗതി നിര്‍ണയിക്കുകയെന്നും റിപ്പോര്‍ട്ട് പറയുന്നു.