LiveTV

Live

Gulf

യുഎഇയില്‍ അമുസ്‍ലിംകള്‍ക്ക് ആരാധനാലയങ്ങള്‍ വഴി വിവാഹവും വിവാഹമോചനവും നടത്താം

 യുഎഇയില്‍ അമുസ്‍ലിംകള്‍ക്ക് ആരാധനാലയങ്ങള്‍ വഴി വിവാഹവും വിവാഹമോചനവും നടത്താം
Summary
യുഎഇയില്‍ മുസ്‍ലിംകള്‍ അല്ലാത്തവര്‍ക്ക് ഇനി മുതല്‍ സ്വന്തം ആരാധനാലയങ്ങള്‍ വഴി വിവാഹവും വിവാഹ മോചനവും നിര്‍വഹിക്കാം

യുഎഇയില്‍ മുസ്‍ലിംകള്‍ അല്ലാത്തവര്‍ക്ക് ഇനി മുതല്‍ സ്വന്തം ആരാധനാലയങ്ങള്‍ വഴി വിവാഹവും വിവാഹ മോചനവും നിര്‍വഹിക്കാം. നിലവില്‍ രാജ്യത്തെ കോടതികള്‍ വഴിയാണ് എല്ലാവരുടെയും വിവാഹ രജിസ്ട്രേഷനും വിവാഹ മോചനവും നടക്കുന്നത്.

ശരീഅത്ത് നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന കോടതികളിലാണ് നിലവില്‍ യുഎഇയിലെ എല്ലാ മതവിഭാഗക്കാരുടെയും വിവാഹം, വിവാഹമോചനം നടപടികള്‍ നടക്കുന്നത്. മുസ്‍ലിംകള്‍ അല്ലാത്തവര്‍ക്ക് ഇനി മുതല്‍ ഇത്തരം കാര്യങ്ങള്‍ അവരുടെ വിശ്വാസം അനുസരിച്ചുള്ള ആരാധനാലയങ്ങളില്‍ നിര്‍വഹിക്കാം. നടപടികള്‍ക്ക് മധ്യസ്ഥം വഹിക്കാന്‍ ദമ്പതികള്‍ അംഗീകരിക്കുന്ന ഒരു മതനേതാവിന്‍റെ സാന്നിധ്യം ഉണ്ടായിരിക്കണം. മതനേതാവിന്‍റെ മധ്യസ്ഥതയില്‍ കോടതിക്ക് പുറത്ത് ദമ്പതികളുടെ തര്‍ക്കം പരിഹരിക്കുകയോ, വിവാഹമോചനം നടപ്പാക്കുകയോ ചെയ്യാം.

മുസ്‍ലിംകള്‍ അല്ലാത്തവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇസ്‍ലാമിക നിയമങ്ങള്‍ ചുമത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് അബൂദബി നീതിന്യായ വകുപ്പ് ഡയറക്ടര്‍ ഡോ. സാലിഹ് അല്‍ ജുനൈബി പറഞ്ഞു. ക്രിസ്തുമത വിശ്വാസികള്‍ക്കാണ് ആദ്യം ഈ സൗകര്യം ലഭ്യമാക്കുന്നത്. തങ്ങള്‍ പിന്തുടരുന്ന സഭയുടെ പള്ളികളെയും അവിടെ മതമേലധികാരികളെയും ഇതിനായി ആശ്രയിക്കാം. ഹിന്ദുക്കളടക്കം മറ്റു മതവിശ്വാസികള്‍ക്കും സൗകര്യം ലഭ്യമാക്കുന്നത് മതനേതാക്കളുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തും. വിവര്‍ത്തകരുടെ സഹായത്തില്‍ അറബിയില്‍ നടത്തിയിരുന്ന നടപടിക്രമങ്ങളും ഇതോടെ നിര്‍ബന്ധമല്ലാതാകും.