LiveTV

Live

Gulf

അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സൌദി കിരീടാവകാശി

അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സൌദി കിരീടാവകാശി
Summary
കിരീടവകാശിയും ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫിനെ സ്ഥാനത്ത് നിന്ന് നീക്കി

സൌദി ഉന്നത ഭരണ തലത്തില്‍ വന്‍ അഴിച്ചു പണി നടത്തി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനെ പുതിയ കിരീടവകാശിയും ഉപ പ്രധാനമന്ത്രിയുമായി നിയമിച്ചു. കിരീടവകാശിയും ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫിനെ സ്ഥാനത്ത് നിന്ന് നീക്കി.

നിലവിലെ സൌദി രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനെ പുതിയ കിരീടവകാശിയായി നിയമിച്ചു കൊണ്ടാണ് ഭരണ തലത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നത്. സല്‍മാന്‍ രാജാവിന്‍റെ മകനായ അമീര്‍ മുഹമ്മദ് പ്രതിരോധ വകുപ്പിന്‍റെ ചുമതല തുടര്‍ന്നും വഹിക്കും. ബുധനാഴ്ച പുലര്‍ച്ചെ മക്കയിലെ സഫ കൊട്ടാരത്തില്‍ ചേര്‍ന്ന പിന്തുടർച്ചാവകാശ നിർണയ സമിതിയുടെ യോഗത്തിന് ശേഷമാണ് രാജവിജ്ഞാപനം പുറത്തിറങ്ങിയത്. യോഗത്തിൽ 34 ൽ 31 വോട്ടും അമീർ മുഹമ്മദ്​ ബിൻ സൽമാന്​ ലഭിക്കുകയായിരുന്നുവെന്ന്​ സൗദി പ്രസ് ഏജൻസി റിപ്പോർട്ട്​ ചെയ്തു. അമീര്‍ മുഹമ്മദിന്‍റെ സ്ഥാനാരോഹണം ഇന്ന് മക്കയില്‍ നടക്കും. രാജ കുടുംബാഗങ്ങളും പണ്ഡിതന്‍മാരും പൌര പ്രമുഖരും അദ്ദേഹത്തിനുള്ള അനുസര പ്രതിജ്ഞ (ബൈഅത്ത്) കൈമാറും.

2015 ജനുവരിയിലാണ് അമീര്‍ മുഹമ്മദ് സൌദി മന്ത്രിസഭയില്‍ അംഗമാവുന്നത്. തുടര്‍ന്ന് അതേ വര്‍ഷം ഏപ്രിലില്‍ രണ്ടാം കിരീടാവകാശിയുമായി. സൌദി വിഷന്‍ 2030 ഉള്‍പ്പെടെയുള്ള രാജ്യത്തിന്‍റെ സാമ്പത്തിക വികസന പദ്ധതികളുടെ ശില്‍പ്പി കൂടിയാണ് 34കാരനായ അമീര്‍ മുഹമ്മദ്. ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധ മന്ത്രി എന്ന പേരില്‍ ശ്രദ്ധേയനായ അദ്ദേഹം സൌദിയുടെ സാമ്പത്തിക വിസകന സമിതിയുടെ അധ്യക്ഷന്‍ കൂടിയാണ്. പുതിയ ആഭ്യന്തര മന്ത്രിയായി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നാഇഫിനെയും സഹമന്ത്രിയായി അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സലീമിനെയും സല്‍മാന്‍ രാജാവ് നിയമിച്ചു.