LiveTV

Live

Gulf

ഖത്തറിനോട് സോഷ്യല്‍ മീഡിയയില്‍ അനുഭാവം പ്രകടിപ്പിച്ചാല്‍ സൈബര്‍കുറ്റമെന്ന് യുഎഇ

ഖത്തറിനോട് സോഷ്യല്‍ മീഡിയയില്‍ അനുഭാവം പ്രകടിപ്പിച്ചാല്‍ സൈബര്‍കുറ്റമെന്ന് യുഎഇ
Summary
മൂന്ന് മുതല്‍ 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും 5 ലക്ഷം ദിര്‍ഹം പിഴ ചുമത്തുമെന്നും യുഎഇയുടെ മുന്നറിയിപ്പ്

സോഷ്യല്‍ മീഡിയയില്‍ ഖത്തറിനോട് അനുഭാവം പ്രകടിപ്പിക്കുന്നത് സൈബര്‍ കുറ്റമെന്ന് യുഎഇ. ഖത്തറിനെ അനുകൂലിക്കുന്നവര്‍ക്ക് മൂന്ന് മുതല്‍ 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും 5 ലക്ഷം ദിര്‍ഹം പിഴ ചുമത്തുമെന്നും യുഎഇ മുന്നറിയിപ്പ് നല്‍കി.

നയതന്ത്ര ബന്ധങ്ങൾ വേർപ്പെടുത്തിയ സാഹചര്യത്തിൽ ഖത്തർ അനുഭാവം പരസ്യമായി പ്രകടിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന്​ യു.എ.ഇ വിലക്കേർപ്പെടുത്തിയിട്ടുള്ളത്. അതിനാല്‍ തന്നെ സാമൂഹിക മാധ്യമങ്ങളിൽ ചെയ്യുന്ന പോസ്റ്റുകളും കുറ്റകരമായി കണക്കാക്കും.

ഖത്തറിനെതിരായ യു.എ.ഇ നിലപാടിനെ വിമർശിക്കുന്നത്​ 15 വർഷം വരെ തടവും അഞ്ചു ലക്ഷം ദിർഹം പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണെന്ന്​ യു.എ.ഇ അറ്റോർണി ജനറൽ അറിയിച്ചു. യു.എ.ഇക്കും മറ്റു ജി.സി.സി-അറബ്​രാജ്യങ്ങൾക്കുമെതിരെ ഖത്തർ സ്വീകരിച്ച ശത്രുതാപരവും നിരുത്തരവാദപരവുമായ നിലപാടിനെത്തുടർന്നാണ്​ യു.എ.ഇ ഇത്തരമൊരു ശക്തമായ നടപടി കൈക്കൊണ്ടതെന്ന്​എ.ജി ഡോ. ഹമദ്​ സൈഫ്​ അൽ ശംസി അറബ്​ മാധ്യമങ്ങൾക്കു നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി. യു.എ.ഇയുടെ ദേശീയ സുരക്ഷയും രാജ്യത്തിന്റെയും ജനങ്ങളുടെയും ഉത്തമ താൽപര്യങ്ങളും സംരക്ഷിക്കുന്നതിനാണ്​കടുത്ത നിലപാട്​ വേണ്ടി വന്നത്​.

ഖത്തറിനോട്​ അനുഭാവം പുലർത്തുകയോ യു.എ.ഇയുടെ നിലപാടിനെ ഏതെങ്കിലും മാർഗത്തിൽ എതിർക്കുകയോ ചെയ്യുന്നവർക്കെതിരെയെല്ലാം കർശനമായ നിലപാട്​കൈക്കൊള്ളുമെന്ന്​അധികൃതർ മുന്നറിയിപ്പ്​ നൽകുന്നു. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള പ്രചാരണങ്ങളും ശിക്ഷാർഹമാണ്​.
രാജ്യത്തിന്റെ താൽപര്യങ്ങളെയും ​ഐക്യത്തെയും സ്ഥിരതയെയും അപകടകരമാക്കുന്ന നിലപാടുകൾ പ്രകടിപ്പിക്കുന്നവർക്ക്​ഐ.ടി. കുറ്റങ്ങൾ തടയുന്ന ഫെഡറൽ നിയമപ്രകാരമാണ്​15 വർഷം തടവും അഞ്ചു ലക്ഷം പിഴയും ശിക്ഷ നൽകുക.