LiveTV

Live

Gulf

കായികസംഘടനകളുടെ വിലക്ക് മറികടക്കാന്‍ കുവൈത്ത് കായിക നിയമം ഭദഗതി ചെയ്യുന്നു

Summary
പുതിയ നിയമം നടപ്പാക്കുമെന്നും മേയ് മാസത്തിന് മുമ്പ് വിലക്ക് നീക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു..

അന്താരാഷ്ട്ര കായിക സംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്ക് മറികടക്കുന്നതിനായി കുവൈത്ത് കായിക നിയമം ഭേദഗതി ചെയ്യുന്നു. പുതിയ കായിക നിയമങ്ങള്‍ക്കുള്ള കരട് രൂപം തയാറായതായി കായിക വകുപ്പിന്റെ ചുമതലയുള്ള വാണിജ്യവ്യവസായ മന്ത്രി ഖാലിദ് അല്‍ റൗദാന്‍ പറഞ്ഞു. പുതിയ നിയമം നടപ്പാക്കുമെന്നും മേയ് മാസത്തിന് മുമ്പ് വിലക്ക് നീക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

ഖത്തറിലേതിന് സമാനമായ കായിക നിയമങ്ങളാണ് കുവൈത്ത് നടപ്പാക്കാനൊരുങ്ങുന്നതെന്നു സൂചന നല്‍കിയ മന്ത്രി കായികവിലക്ക് നീങ്ങിക്കിട്ടുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്നും ഇകാര്യത്തില്‍ പാര്‍ലമെന്റിലെ യൂത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് സബ് കമ്മിറ്റിയുടെ സഹകരണം ലഭിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര കായിക സംഘടനകളുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കാരണം കുവൈത്തിലെ ക്ലബ്ബുകള്‍ക്കു അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്.

അതുകൊണ്ട് തന്നെ രാജ്യത്തെ കായിക സംഘടനകളും സര്‍ക്കാര്‍ സംവിധാനങ്ങളും ഇതൊരു അഭിമാന പ്രശ്‌നമായി ഏറ്റെടുത്തിട്ടുണ്ട്. കുവൈത്തിന് വിലക്കേര്‍പ്പെടുത്തുന്നതിനു കാരണമായി അന്താരാഷ്ട്ര സംഘടനകള്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്ന രീതിയിലാണ് കായിക നിയമത്തിനു കരട് രൂപം തയ്യാറാക്കിയത്. നിയമം പ്രാബല്യത്തില്‍ ആകുന്നതോടെ വിലക്ക് നീക്കപ്പെടുമെന്ന കാര്യത്തില്‍ ശുഭാപ്തി വിശ്വാസമാണുള്ളതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ കായിക മേഖലയില്‍ അമിതമായി കൈകടത്തുന്നുവെന്നാരോപിച്ചാണ് ഫിഫയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഉള്‍പ്പെടെ കുവൈത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്.