LiveTV

Live

Gulf

അറഫ സംഗമത്തിന് സമാപനം

അറഫ സംഗമത്തിന് സമാപനം
Summary
ഉച്ചക്ക് മസ്ജിദ് നമിറയില്‍ നടന്ന പ്രഭാഷണത്തോടെയാണ് അറഫ സംഗമത്തിന് തുടക്കമായത്

ഇരുപത് ലക്ഷത്തിലേറെ തീര്‍ഥാടകര്‍ ഒത്തു ചേര്‍ന്ന് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിന് സമാപനം . ഉച്ചക്ക് മസ്ജിദ് നമിറയില്‍ നടന്ന പ്രഭാഷണത്തോടെയാണ് അറഫ സംഗമത്തിന് തുടക്കമായത്. പ്രാര്‍ഥാനാ നിര്‍ഭരമായ അന്തരീക്ഷത്തിൽ വൈകുന്നേരം വരെ അറഫയിൽ നിന്ന ഹാജിമാർ മുസ്ദലിഫയിലേക്ക് നീങ്ങുകയാണിപ്പോള്‍.

സൌദി ഉന്നത പണ്ഡിത സഭ അംഗം ശൈഖ് സഅദ് അശ്ശത് രിയാണ് അറഫ പ്രഭാഷണം നടത്തിയത്. വിശ്വാസപരവും ചിന്താപരവും രാഷ്ട്രീയ പരവുമായ സുരക്ഷ ഇസ്ലാമിക ശരീഅത്തിന്റെ താത്പര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അറഫ പ്രഭാഷണത്തിന് ശേഷം തീര്‍ഥാടര്‍ ളുഹര്‍ , അസര്‍ നമസ്കാരങ്ങള്‍ ഒരുമിച്ച് നിര്‍വഹിച്ചു.

തുടർന്നു വൈകുന്നേരം വരെ പ്രാര്‍ഥനകളുമായി ഹാജിമാര്‍ അറഫയില്‍ നിന്നു. പാപ മോചനത്തിനായി പ്രാർഥിക്കുന്ന തീർഥാടകരായിരുന്നു എങ്ങും. വിദേശ രാജ്യങ്ങളില്‍ നിന്നും സൌദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി എത്തിയ ശുഭ്ര വസ്തധാരികളായ ഇരുപത് ലക്ഷത്തിലേറെ ഹാജിമാരാണ് അറഫയെ ഭക്തിസാന്ദ്രമാക്കിയത്. ഒരു ലക്ഷത്തി എഴുപതിനായിരം ഇന്ത്യാക്കാരും ഇക്കൂട്ടത്തിലുണ്ട്. ഉച്ചക്ക് മുന്‍പായി അറഫയില്‍ എത്താന്‍ സാധിക്കാതിരുന്ന നാല്‍പത്തി ഏഴാം മക്തബിന് കീഴിലെ തീര്‍ഥാടകരെ ഹജ്ജ് മിഷന്‍ ഇടപെട്ട് രണ്ട് മണിയാടെ അറഫയിലെത്തിച്ചു.രാത്രിയോടെ മുസ്ദലിഫയിലെത്തിയ ഹാജിമാര്‍ പ്രാര്‍ഥനകളോടെ പുലര്‍ച്ചെ വരെ കഴിച്ച് കൂട്ടി.