LiveTV

Live

Gulf

കുവൈത്തിലെ ഇമാം അല്‍ സാദിഖ് മസ്ജിദ് ചാവേറാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം

കുവൈത്തിലെ ഇമാം അല്‍ സാദിഖ് മസ്ജിദ് ചാവേറാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം
Summary
26 പേര്‍ക്ക് ജീവന്‍ നഷ്ടമായ സ്ഫോടനത്തില്‍ 200ലധികം പേര്‍ക്കാണ് പരിക്കേറ്റത്

കുവൈത്തിലെ ഇമാം അല്‍ സാദിഖ് മസ്ജിദില്‍ ചാവേറാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം. 26 പേര്‍ക്ക് ജീവന്‍ നഷ്ടമായ സ്ഫോടനത്തില്‍ 200ലധികം പേര്‍ക്കാണ് പരിക്കേറ്റത്. ചാവേറിനെ പള്ളിപരിസരത്ത് എത്തിച്ച പ്രതിക്കടക്കം ഏഴ് പേര്‍ക്ക് കേസില്‍ വധശിക്ഷ വിധിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 26നാണ് കുവൈത്തിലെ ഇമാം അല്‍ സാദിഖ് മസ്‌ജിദില്‍ 26 പേരുടെ ജീവനെടുത്ത ചാവേറാക്രമണം നടന്നത്. വെള്ളിയാഴ്‌ച ജുമുഅ നമസ്‌കാരത്തിനായി ജനം ഒത്തുകൂടിയ ഷിയാ വിഭാഗത്തിന്റെ പള്ളിയിലാണ് ആക്രമണമുണ്ടായത്. തലേന്ന് മാത്രം സൗദിയില്‍ നിന്നുമെത്തിയ ആളായിരുന്നു ചാവേര്‍. ജുമുഅ നമസ്‌കാരം നടക്കുമ്പോള്‍ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. രാജ്യം നടുങ്ങിയ മണിക്കൂറില്‍ തന്നെ അമീര്‍ ഷെയ്‌ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സംഭവസ്ഥലത്ത് കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സുന്നി-ഷിയാ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന്റെ വിത്തുവിതയ്‌ക്കുക എന്നതായിരുന്നു ആക്രമണ ലക്ഷ്യമെങ്കിലും അതു ഫലവത്താക്കാനാകാത്തവിധം ദേശീയ ഐക്യം കൂടുതല്‍ ഭദ്രമാക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞുവെന്നതാണ് ഒരു വര്‍ഷത്തെ ഫലം.

ഇരുവിഭാഗത്തിന്റെയും സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി സുന്നി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള മസ്‌ജിദുല്‍ കബീറില്‍ രണ്ടുപക്ഷവും ഒത്തുചേര്‍ന്ന് ജുമുഅ നിര്‍വഹിക്കുകയും അമീര്‍ ഷെയ്‌ഖ് സബാഹ് ഉള്‍പ്പെടെ അതില്‍ പങ്കാളികളാവുകയും ചെയ്‌തതും സ്‌ഫോടനത്തില്‍ തകര്‍ന്ന ഷിയാ പള്ളി പുനരുദ്ധാരണം സര്‍ക്കാര്‍ ഏറ്റെടുക്കുകയും നവീകരണം പൂര്‍ത്തിയാക്കിയ പള്ളിയില്‍ ഈ വര്‍ഷം റമസാന്‍ ആദ്യം നമസ്‌കാരം ആരംഭിക്കുകയും ചെയ്‌തു.

ചാവേറിനെ പള്ളിപരിസരത്ത് എത്തിച്ച അബ്‌ദുറഹ്‌മാന്‍ സബാഹ് അല്‍ സൗദ് അടക്കം 7 പേര്‍ക്കാണ് കേസില്‍ വിചാരണ കോടതി വധശിക്ഷ വിധിച്ചത്. 29 പേര്‍ക്കെതിരെയായിരുന്നു കേസ്. എട്ട് പേര്‍ക്ക് രണ്ട് വര്‍ഷം മുതല്‍ 15 വര്‍ഷം വരെ തടവും സുപ്രീം കോടതി ശരിവച്ചിരിക്കയാണ്. 15 പേരെ വിട്ടയച്ചിരുന്നു.