LiveTV

Live

Gulf

വിമാന യാത്രക്കിടയിൽ ഹൃദയാഘാതം; മലയാളി യാത്രക്കാരൻ മരിച്ചു

വിമാന യാത്രക്കിടയിൽ ഹൃദയാഘാതം; മലയാളി യാത്രക്കാരൻ മരിച്ചു
Summary
റിയാദിൽ നിന്ന്​ കോഴിക്കോട്ടേക്ക്​ തിരിച്ച എയർ ഇന്ത്യ എക്സ്പ്രസ്​ വിമാനം അടിയന്തരമായി അബൂദാബിയിൽ ഇറക്കിയെങ്കിലും യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനായില്ല

യാത്രക്കിടയിൽ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന്​ മലയാളി യാത്രക്കാരൻ മരിച്ചു. റിയാദിൽ നിന്ന്​ കോഴിക്കോട്ടേക്ക്​ തിരിച്ച എയർ ഇന്ത്യ എക്സ്പ്രസ്​ വിമാനം അടിയന്തരമായി അബൂദാബിയിൽ ഇറക്കിയെങ്കിലും യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനായില്ല.

മലപ്പുറം വേങ്ങര പറപ്പൂർ സ്വദേശി തെയ്യമ്പാലി മുഹമ്മദ്​ സലീമാണ്​ അബൂദാബിയിലെ മഫ്​റഖ്​ ആശുപത്രിയിൽ മരണപ്പെട്ടത്​​. റിയാദിൽ നിന്ന്​ ഉച്ചക്ക്​ 1.15ന്​ പുറപ്പെട്ട കോഴിക്കോട്​ എയർ ഇന്ത്യ എക്സ്പ്രസ്​ വിമാനത്തിലെ യാത്രക്കാരൻ ആയിരുന്നു സലീം.

വിമാനം പറന്നുയർന്ന ഉടൻ തന്നെയാണ്​ അസ്വാസ്ഥ്യം അനുഭവപ്പെട്ടത്​. വിമാന ജീവനക്കാർ പ്രാഥമിക ചികിൽസ നൽകി. ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിലിറങ്ങാൻ അനുമതി തേടിയ പൈലറ്റ്​ യു.എ.ഇ സമയം 3.51 ഓടെ അബൂദാബി വിമാനത്താവളത്തിലിറക്കി. ഉടൻ മഫ്​റഖ്​ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. റിയാദിൽ 14 വർഷമായി ഇലക്​ട്രീഷ്യനായി ജോലി ചെയ്യുന്ന സലീമിന്​ ഒരാഴ്ച മുമ്പ്​ ജോലിക്കിടയിൽ ദിറാബ്​ എന്ന സ്ഥലത്ത്​ വെച്ച്​ ഹൃദയാഘാതമുണ്ടായിരുന്നു. സമീപത്തുള്ള ഒരാശുപത്രിയിൽ ചികിത്സ തേടുകയും പിറ്റേ ദിവസം ഡിസ്ചാർജാവുകയും ചെയ്തു. പിന്നീട്​ ഇഖാമ പുതുക്കി റീഎൻട്രി അടിച്ച്​ നാട്ടിൽ മങ്ങുകയായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കും. കെ.എം.സി.സിയുടെ സജീവ പ്രവർത്തകനാണ്​ മരിച്ച സലീം. ഭാര്യയും രണ്ട്​ മക്കളുമുണ്ട്​. അബൂദബി വിമാനത്താവളത്തിൽ നിന്ന്​ രണ്ടുമണിക്കൂർ പിന്നിട്ടാണ്​ വിമാനം ​കോഴിക്കോടിന്​ തിരിച്ചത്​.