LiveTV

Live

Gulf

സൗദിയിൽ വിദേശികളുടെ ആശ്രിതര്‍ക്ക് ഫീസ് നിലവില്‍ വന്നു

സൗദിയിൽ വിദേശികളുടെ ആശ്രിതര്‍ക്ക് ഫീസ് നിലവില്‍ വന്നു
Summary
ഈ വര്‍ഷം പ്രതിമാസം നൂറും അടുത്ത വര്‍ഷം മുതല്‍ ഇരുനൂറ് റിയാലും അടക്കണം; ഇഖാമ പുതുക്കുമ്പോഴോ റീ എൻട്രി വിസ ഇഷ്യു സമയത്തോ ഫീസ് അടക്കണമെന്ന് പാസ്പോർട്ട് ​ഡയറക്ടറേറ്റ്​

സൗദിയിൽ കഴിയുന്ന വിദേശികളുടെ ആശ്രിതർ താമസരേഖയായ ഇഖാമ പുതുക്കുമ്പോഴോ റീ എൻട്രി വിസ ഇഷ്യു ചെയ്യുന്ന സമയത്തോ ഫീസ് അടക്കണമെന്ന് പാസ്പോർട്ട്​ ഡയറക്ടറേറ്റ്​ വ്യക്തമാക്കി. ഏതാണോ ആദ്യം ചെയ്യുന്നത് അപ്പോഴാണ് ഫീസ് അടക്കേണ്ടത്. കഴിഞ്ഞ ദിവസം മുതല്‍ പ്രതിമാസം നൂറ് റിയാലാണ് ആശ്രിത ഫീസ് ഏര്‍പ്പെടുത്തിയത്.

സൗദിയിൽ വിദേശികളുടെ ആശ്രിതര്‍ക്ക് ഫീസ് നിലവില്‍ വന്നു

സൌദിയില്‍ കഴിയുന്ന ആശ്രിതരുടെ ഇഖാമ പുതുക്കുകയോ, റീ എൻട്രി വിസക്ക് അപേക്ഷിക്കുകയോ ചെയ്യുന്നതിനു മുമ്പ് ഫീസ് നിർബന്ധമായും അടക്കണം. എന്നാൽ മാത്രമേ നടപടികൾ പൂർത്തിയാക്കാന്‍ സാധിക്കുകയുള്ളുവെന്ന് പാസ്പോർട്ട്​ ഡയറക്ടറേറ്റ് ട്വിറ്ററില്‍ വ്യക്തമാക്കി.

ധനകാര്യ മന്ത്രാലയം ബജറ്റില്‍ പ്രഖ്യാപിച്ച ആശ്രിത ലെവി ജൂലൈ ഒന്ന് മുതലാണ് നിലവില്‍ വന്നത്. ഈ വര്‍ഷം പ്രതിമാസം 100 റിയാലാണ് ഫീസ്. അടുത്ത വര്‍ഷം മുതല്‍ ഇത് പ്രതിമാസം 200 റിയാലും 2019 മുതൽ 300 റിയാലും 2020ല്‍ 400 റിയാലുമായി വർധിക്കും. ഇതിനുപുറമെ വിദേശികളായ തൊഴിലാളികൾക്കും അടുത്ത വര്‍ഷം മുതല്‍ അധിക ഫീസ്​ഏർപ്പെടുത്തിയിട്ടുണ്ട്​. നിലവിലുള്ള ഇഖാമ ഫീസ്, റിഎന്‍ട്രി ഫീസ് എന്നിവക്ക് പുറമെയാണ് ആശ്രിത ഫീസ്. ആശ്രിത ഫീസ് അട‌ച്ചവര്‍ക്ക് ശനിയാഴ്ച മുതല്‍ റീ എന്‍ട്രി വിസ ഇഷ്യൂ ചെയ്യാന്‍ സാധിക്കുന്നുണ്ട്.

ഡിസംബര്‍ അവസാനത്തില്‍ ഫീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇഖാമ പുതുക്കുമ്പോള്‍ മാത്രം നല്‍കിയാല്‍ മതിയെന്നായിരുന്നു അധിക പേരുടെയും പ്രതീക്ഷ. എന്നാല്‍ റീ എന്‍ട്രിക്ക് മുമ്പായി ഫീസ് നല്‍കമെന്ന നിയമം നിരവധി കുടുംബങ്ങളെ പ്രയാസത്തിലാക്കിയിട്ടുണ്ട്. വലിയ തുക വിമാന ടിക്കറ്റിന് നല്‍കിയതോടൊപ്പം നാലംഗ കുടുംബം നാലായിരം റിയാലോളം ഫീസ് ഇനത്തില്‍ അടക്കണം.

സ്കൂള്‍ വാര്‍ഷിക അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കുന്ന നിരവധി മലയാളി കുടുംബങ്ങള്‍ ഇതുകാരണം ആശങ്കയിലാണ്. ഫൈനല്‍ എക്സിറ്റിനും ആശ്രിത ഫീസ് അടക്കല്‍ നിര്‍ബന്ധമാണ്. ആശ്രിത ഫീസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ വിശദീകരണം ലഭ്യമാകേണ്ടതുണ്ട്.

അതിനിടെ ആശ്രിത ഫീസുമായി ബന്ധപ്പെട്ട് ചില വ്യക്തികള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് പ്രവാസികളെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നുണ്ട്.