LiveTV

Live

Gulf

പ്രഥമ പി.വി. വിവേകാനന്ദ് മാധ്യമ പുരസ്കാരം വി.കെ. ഹംസ അബ്ബാസിന് സമ്മാനിച്ചു

Summary
ഗള്‍ഫ് ടുഡേ എഡിറ്ററായിരുന്ന പി.വി. വിവേകാനന്ദിന്‍െറ സ്മരണക്ക് യു.എ.ഇ എക്സ്ചേഞ്ചും ചിരന്തന സാംസ്കാരിക വേദിയും ചേര്‍ന്നാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്.

പ്രഥമ പി.വി. വിവേകാനന്ദ് മാധ്യമ പുരസ്കാരം ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസിന് സമ്മാനിച്ചു. ഗള്‍ഫ് ടുഡേ എഡിറ്ററായിരുന്ന പി.വി. വിവേകാനന്ദിന്‍െറ സ്മരണക്ക് യു.എ.ഇ എക്സ്ചേഞ്ചും ചിരന്തന സാംസ്കാരിക വേദിയും ചേര്‍ന്നാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്.

ദുബൈയില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ യു.എ.ഇ എക്സ്ചേഞ്ച് പ്രസിഡന്‍റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി അവാര്‍ഡ് സമര്‍പ്പണം നിര്‍വഹിച്ചു. ഖലീജ് ടൈംസ് എക്സിക്യുട്ടീവ് എഡിറ്റര്‍ ഐസക് പട്ടാണി പറമ്പില്‍ പൊന്നാട അണിയിച്ചു. യു.എ.ഇ എക്സ്ചേഞ്ച് സി.എം.ഒ ഗോപകുമാര്‍ ഭാര്‍ഗവന്‍ ഒരുലക്ഷം രൂപയുടെ ചെക്കും പി.വി. വിവേകാനന്ദിന്‍െറ മകള്‍ വിസ്മയ പ്രശംസാ പത്രവും കൈമാറി.

മികച്ച പത്രാധിപര്‍ എന്നതിലുപരി ഏറെ നന്‍മകളുള്ള നല്ല മനുഷ്യനായിരുന്നു പി.വി. വിവേകാനന്ദ് എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത വൈ. സുധീര്‍ കുമാര്‍ ഷെട്ടി പറഞ്ഞു. അര്‍പ്പണബോധവും ആത്മാര്‍ഥതയും കഠിനാധ്വാനവും കൊണ്ടാണ് ഹംസ അബ്ബാസ് ഗള്‍ഫ് മാധ്യമത്തെ മേഖലയിലെ മികച്ച പത്രമായി വളര്‍ത്തിയെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആദ്യ അന്താരാഷ്ട്ര ഇന്ത്യന്‍ പത്രമായ ഗള്‍ഫ് മാധ്യമം വെട്ടിത്തുറന്ന പാതയിലൂടെയാണ് മലയാളത്തിലേതടക്കം പത്രങ്ങള്‍ ഗള്‍ഫിലത്തെിയതെന്ന് വി.കെ ഹംസ അബ്ബാസ് പറഞ്ഞു. പുരസ്കാര തുക കണ്ണൂര്‍ വാദിഹുദ ഇസ്ലാമിക് കോംപ്ളക്സിന്‍െറ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു.

ഐസക്ക് പട്ടാണി പറമ്പില്‍, നിസാര്‍ സെയ്ദ്, മിഡില്‍ ഈസ്റ്റ് ചന്ദ്രിക എഡിറ്റര്‍ ഇന്‍ ചാര്‍ജ് ജലീല്‍ പട്ടാമ്പി, അഡ്വ. നജീദ്, ഇസ്മയില്‍ മേലടി, പോള്‍.ടി.ജോസഫ്, അബ്ബാസ് ഒറ്റപ്പാലം , എം.സി.എ നാസര്‍, ഗള്‍ഫ് മാധ്യമം റസിഡന്‍റ് എഡിറ്റര്‍ പി.ഐ നൗഷാദ്, വിസ്മയ വിവേകാനന്ദ് എന്നിവര്‍ സംസാരിച്ചു. ടി.പി.മഹ്മൂദ് സ്വാഗതവും ടി.പി. അശ്റഫ് നന്ദിയും പറഞ്ഞു.