LiveTV

Live

Gulf

സൗദിയിലെ പുതിയ തിയറ്ററുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ...

സൗദിയിലെ പുതിയ തിയറ്ററുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ...
Summary
ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്നാണ് പുതിയ തിയറ്ററുകള്‍ അനുവദിക്കുക.

സൗദിയിൽ പുതിയ സിനിമാ തിയറ്ററുകൾ നിർമിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള നിയമാവലി പുറത്തിറക്കി. മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയമാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. തിയറ്ററുകളുടെ ഏറ്റവും താഴെയുള്ള നില പാര്‍ക്കിങ്ങിനായി ഉപയോഗിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്നാണ് പുതിയ തിയറ്ററുകള്‍ അനുവദിക്കുക.

ജനറൽ കമ്മീഷൻ ഫോർ ഓഡിയോ വിഷ്വൽ മീഡിയയുമായി ഏകോപനം നടത്തിയാണ് തിയറ്ററുകൾക്കുള്ള വ്യവസ്ഥകൾ മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം അംഗീകരിച്ചത്. പുതിയ തിയറ്റുകള്‍ക്കുള്ള പ്രധാന നിര്‍ദേശങ്ങളിവയാണ്. തിയറ്ററുകൾക്കകത്ത് തൊഴിലാളികൾക്ക് താമസം ഒരുക്കരുത്. തിയറ്ററുകളിൽ നമസ്‌കാരം നിർവഹിക്കുന്നതിന് പ്രത്യേക സ്ഥലം നീക്കിവെക്കണം. തിയറ്ററുകളുടെ അടിയിലെ നില വാണിജ്യ, വിനോദ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്. തിയറ്ററുകള്‍ തമ്മില്‍ 1500 മീറ്ററിന്‍റെ അകലമുണ്ടായിരിക്കണം. സമീപത്തെ റോഡുകൾ പാർക്കിങുകളായി ഉപയോഗിക്കുന്നതിനും അനുവദിക്കില്ല. അടിയിലെ നില പാർക്കിങ് ആയി ഉപയോഗിക്കുന്നതിന് മാത്രമാണ് അനുമതി. ടിക്കറ്റ് വിൽപന കേന്ദ്രങ്ങൾ തിയറ്റർ കെട്ടിടത്തിനകത്തായിരിക്കണം. ജനവാസ കേന്ദ്രങ്ങളിലാകണം ഷോപ്പിങ് മാളുകളില്ലാതെ വേറിട്ട് പ്രവർത്തിക്കുന്ന സിനിമാ തിയറ്ററുകൾ. തിയറ്ററുകളിലേക്കുള്ള പ്രവേശനവും പുറത്തേക്ക് കടക്കലും പ്രധാന റോഡ് വഴിയായിരിക്കണം. തിയറ്ററുകളിലെ ഓരോ മൂന്നു സീറ്റിനും ഒരു കാർ പാർക്കിങ് വീതം ഒരുക്കണമെന്നും വ്യവസ്ഥയുണ്ട്. പാർക്കിങുകളിൽ അഞ്ചു ശതമാനം വികലാംഗരുടെ വാഹനങ്ങൾക്കു വേണ്ടി നീക്കിവെക്കണം. റോഡുകളോട് ചേർന്ന് ടിക്കറ്റ് വിൽപന കൗണ്ടറുകൾ സ്ഥാപിക്കുന്നതിന് വിലക്കുണ്ട്. ബുധനാഴ്ചയാണ് രാജ്യത്ത് ആദ്യത്തെ തിയറ്റര്‍ തുറന്നത്. ഇതിന് പിന്നാലെയാണ് പുതിയവക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍.