LiveTV

Live

Gulf

യുഎഇയില്‍ ഇന്ത്യാക്കാരുടെ പരാതികള്‍ ബോധിപ്പിക്കാന്‍ ഐഡബ്ള്യൂആര്‍സി

യുഎഇയില്‍ ഇന്ത്യാക്കാരുടെ പരാതികള്‍ ബോധിപ്പിക്കാന്‍ ഐഡബ്ള്യൂആര്‍സി
Summary
ഷാര്‍ജ ഉള്‍പ്പെടെ യുഎഇയിലെ വടക്കന്‍ എമിറേറ്റുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സൗകര്യത്തിനാണ് രണ്ടാമത്തെ ഐഡബ്ള്യൂആര്‍സി കേന്ദ്രം തുറന്നത്

യുഎഇയില്‍ ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ പ്രശ്നങ്ങളും പരാതികളും ബോധിപ്പിക്കാന്‍ സൗകര്യമൊരുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വര്‍ക്കേഴ്സ് റിസോഴ്സ് സെൻറര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഷാര്‍ജയിലാണ് രണ്ടാമത്തെ ഐഡബ്ള്യൂആര്‍സി കേന്ദ്രം തുറന്നത്.

ഷാര്‍ജ ഉള്‍പ്പെടെ യുഎഇയിലെ വടക്കന്‍ എമിറേറ്റുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സൗകര്യത്തിനാണ് രണ്ടാമത്തെ ഐഡബ്ള്യൂആര്‍സി കേന്ദ്രം തുറന്നത്. ഡമാസ് ടവറിലെ ഇരുപത്തി രണ്ടാമത്തെ നിലയില്‍ അംബാസഡര്‍ നവ്ദീപ് സിങ് സൂരി കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 2010 ലാണ് ഇതിന്റെ ആദ്യകേന്ദ്രം ദുബൈയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. നിയമം, സാമ്പത്തികം തുടങ്ങി വ്യക്തിപരമായ വിഷയങ്ങളില്‍ വരെ ഇന്ത്യക്കാര്‍ക്ക് ഈ കേന്ദ്രത്തിന്റെ സഹായം തേടാം. ടോള്‍ ഫ്രീ നമ്പറായ 800 46342 ല്‍ വിളിച്ചാല്‍ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ളീഷ് ഭാഷകളില്‍ പരാതി ബോധിപ്പിക്കാം. തൊഴില്‍ തട്ടിപ്പ് തടയാന്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം സഹായകമാണെന്ന് അധികൃതര്‍ പറഞ്ഞു. ഈവര്‍ഷം ലഭിച്ച 1078 തൊഴില്‍ വാഗ്ദാനങ്ങളെ കുറിച്ച അന്വേഷണത്തില്‍ 73 എണ്ണം മാത്രമായിരുന്നു യാഥാര്‍ഥമെന്ന് കമ്യൂണിറ്റി അഫയേഴ്സ് വിഭാഗം അധികൃതര്‍ അറിയിച്ചു. കേന്ദ്രത്തില്‍ ബി എല്‍ എസ് പാസ്പോര്‍ട്ട് വിസാ സേവനകേന്ദ്രവും പ്രവര്‍ത്തിക്കും.