LiveTV

Live

Gulf

ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് വീട്ടുജോലിക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അനുമതി പുന:സ്ഥാപിച്ചു

Summary
ഇന്ത്യയിൽനിന്ന് വേലക്കാരികളെ റിക്രൂട്ട് ചെയ്യാനുള്ള നടപടികൾ പുനരാരംഭിച്ചതായി കുവൈറ്റ് ഗാർഹിക തൊഴിലാളി റിക്രൂട്ടിംഗ് ഓഫീസ്​ യൂനിയൻ മേധാവി ഫാദിൽ അഷ്‍കലാനി അറിയിച്ചു

ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് വീട്ടുജോലിക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അനുമതി വീണ്ടും പുന:സ്​ഥാപിച്ചു. കുവൈത്തി ലേക്ക് വേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്​പോൺസർമാർ 2500 ഡോളർ സെക്യൂരിറ്റി ഫീസ്​ നൽകണമെന്ന ഇന്ത്യൻ തീരുമാനത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ മൂന്ന് വർഷമായി ഇത് നിർത്തി വെച്ചിരിക്കുകയായിരുന്നു. സെക്യൂരിറ്റി ഫീസ്​ നൽകണമെന്ന നിബന്ധന മരവിപ്പിച്ചതായി ഇന്ത്യൻ എംബസിയാണ് അറിയിച്ചത്.

ഇന്ത്യയിൽനിന്ന് വേലക്കാരികളെ റിക്രൂട്ട് ചെയ്യാനുള്ള നടപടികൾ പുനരാരംഭിച്ചതായി കുവൈറ്റ് ഗാർഹിക തൊഴിലാളി റിക്രൂട്ടിംഗ് ഓഫീസ്​ യൂനിയൻ മേധാവി ഫാദിൽ അഷ്കലാനി അറിയിച്ചു .നേരത്തേതെ പോലെ 400 ദീനാർ കൊണ്ട് ഇന്ത്യയിൽനിന്ന് ഒരു വേലക്കാരിയെ റിക്രൂട്ട് ചെയ്യുന്നതിനുള്ള എല്ലാ നടപടികളും പൂർത്തിയാക്കാൻ സാധിക്കുമെന്ന് അഷ്കലാനി പറഞ്ഞു. അതേസമയം, ഇന്ത്യൻ വേലക്കാരികളുടെ റിക്രൂട്ടിംഗ് നടപടികൾക്കായി ആറ് ഏജൻസികളെ പ്രത്യേകം ചുമതലപ്പെടുത്തി യിട്ടുണ്ട്. ഈ ഏജൻസികൾ മുഖാന്തിരമല്ലാതെ ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് വീട്ടുജോലിക്കാരികളെ എത്തിക്കാൻ സാധിക്കില്ലെന്നും ഇവയുടെ പ്രവർത്തനം സുതാര്യമായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇത് കൂടാതെ സ്​പോൺസർമാർക്ക് നേരിട്ട് വേലക്കാരികളെ റിക്രൂട്ട് ചെയ്യാനുള്ള അനുമതി മാത്രമാണ് പിന്നീടുള്ളത്. ഇങ്ങനെ റിക്രൂട്ട് ചെയ്യുമ്പോൾ യാത്രാ ടിക്കറ്റിനുവേണ്ട തുകയും ഇന്ത്യയിലും കുവൈത്തിലെ ഇന്ത്യൻ എംബസിയിലും മറ്റ് നടപടികൾക്കുവേണ്ടിവരുന്ന ഫീസും മാത്രമേ സ്​പോൺസർക്ക് ബാധ്യതയായി വരികയുള്ളൂ. അതിനിടെ, സെക്യൂരിറ്റി ഫീസ്​ റദ്ദാക്കിയ ഇന്ത്യൻ തീരുമാനം ഈമേഖലയിൽ വൻ തോതിൽ പ്രതിഫലനങ്ങൾ സൃഷ്​ടിക്കുമെന്നും വേലക്കാരികളുടെ റിക്രൂട്ടിംഗ് ഫീസ്​ ഇനിയും കുറയുമെന്ന് ഫാദിൽ അഷ്കലാനി കൂട്ടിച്ചേർത്തു.