LiveTV

Live

Gulf

കനത്ത ചൂടിനെ മറികടന്ന് ഇന്ത്യന്‍ ഹാജിമാരുടെ കല്ലെറിയല്‍

കനത്ത ചൂടിനെ മറികടന്ന് ഇന്ത്യന്‍ ഹാജിമാരുടെ കല്ലെറിയല്‍
Summary
നിര്‍ജ്ജലീകരണത്തെ തുടര്‍ന്ന് ആയിരത്തിലേറെ പേര്‍ പ്രാഥമിക ചികിത്സ തേടി

കനത്ത ചൂടു കാരണം ഘട്ടം ഘട്ടമായാണ് ഇന്ത്യന്‍ ഹാജിമാര്‍ പിശാചിന്റെ സ്തൂപത്തില്‍ കല്ലെറിഞ്ഞത്. ബാക്കിയുള്ളവര്‍ രാത്രിയിലും കല്ലേറ് തുടരുകയാണ്. നിര്‍ജ്ജലീകരണത്തെ തുടര്‍ന്ന് ആയിരത്തിലേറെ പേര്‍ പ്രാഥമിക ചികിത്സ തേടി.

രാവിലെ പത്ത് മണിക്ക് ശേഷം കല്ലെറിയാന്‍ നീങ്ങിയാല്‍ മതിയെന്നായിരുന്നു ഇന്ത്യക്കാര്‍ക്കുള്ള നിര്‍ദേശം.‌ എന്നാല്‍ കനത്ത ചൂട് കണക്കിലെടുത്ത് പുലര്‍ച്ചെ മുതല്‍ തന്നെ ജംറാത്തിലേക്ക് ഇന്ത്യക്കാര്‍ നീങ്ങി. രാവിലെയും വൈകുന്നേരവുമായി പകുതിയിലേറെ പേരും കല്ലേറ് പൂര്‍ത്തിയാക്കി.‌ ഉച്ചക്കെത്തിയവരില്‍ പലര്‍ക്കും അസ്വാസ്ഥ്യമുണ്ട‌ായി. മലയാളികളടക്കം ഏറെ പേര്‍ കനത്ത ചൂടിനെ മറികടന്ന് കല്ലേറ് പൂര്‍ത്തിയാക്കി.

ചൂട് കുറഞ്ഞതോടെ സന്ധ്യാ സമയത്തിന് ശേഷവും ജംറാത്തിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്കുണ്ട്. കല്ലേറ് പൂര്‍ത്തിയാക്കിയവര്‍ ത്വവാഫിനും സഅ്ഇയിനും നീങ്ങി. സ്വന്തം നിലക്കാണ് ഇന്ത്യക്കാര്‍ ത്വവാഫിനും സഅ്ഇയിനും നീങ്ങിയത്. പ്രൈവറ്റ് ഗ്രൂപ്പുകാര്‍ വൈകുന്നേരത്തോടെയാണ് ജംറാത്തില്‍ കല്ലെറിയാനെത്തിയത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് മികച്ച സൌകര്യമുണ്ടായിരുന്നു ഇത്തവണ. ഇതിനാല്‍ ആയാസകരമായിരുന്നു പിശാചിന്റെ സ്തൂപത്തിനരികിലേക്കുള്ള ഹാജിമാരുടെ നീക്കം. ഇന്നും നാളെയുമായി കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി ഇന്ത്യക്കാര്‍ വിടവാങ്ങല്‍ പ്രദക്ഷിണത്തിനായി നീങ്ങും.