LiveTV

Live

Gulf

തായിഫിലെ സൂഖ്​ ഉക്കാദ്​ മേളയിലേക്ക് സന്ദർശക പ്രവാഹം തുടരുന്നു

തായിഫിലെ സൂഖ്​ ഉക്കാദ്​ മേളയിലേക്ക് സന്ദർശക പ്രവാഹം തുടരുന്നു
Summary
സൗദി ടൂറിസം പുരാവസ്​തു വകുപ്പിനു കീഴിൽ നടക്കുന്ന മേള മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ ആണ് ഉദ്​ഘാടനം ചെയ്​തത്.

തായിഫിൽ നടക്കുന്ന പതിനൊന്നാമത് സൂഖ്​ ഉക്കാദ്​ മേളയിലേക്ക് സന്ദർശക പ്രവാഹം തുടരുന്നു. സൗദി ടൂറിസം പുരാവസ്​തു വകുപ്പിനു കീഴിൽ നടക്കുന്ന മേള മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ ആണ് ഉദ്​ഘാടനം ചെയ്​തത്. വ്യത്യസ്തങ്ങളായ നൂറിലധികം പരിപാടികളാണ്​ ഇത്തവണ മേളയിൽ ഒരുക്കിയിരിക്കുന്നത്​. മേള ഒരാഴ്‌ച നീണ്ടുനിൽക്കും. സൗദി അറേബ്യയിലെ ഏറ്റവും വലിയ സാംസ്​കാരിക പരിപാടികളിലൊന്നായ ഉക്കാദ് മേള തായിഫിൽ മൂന്നു ദിവസങ്ങൾക്കു മുമ്പാണ് ആരംഭിച്ചത്. വൈവിധ്യമാർന്ന കലാസാംസ്​കാരിക വിനോദ ​പരിപാടികളും പ്രദർശനങ്ങളും പരമ്പരാഗത കലാ കായിക മൽസരങ്ങളും പ്രകടനങ്ങളും സമ്മേളനങ്ങളും ശിൽപശാലകളുമാണ് മേളയിൽ നടക്കുന്നത്.

മേളയുടെ മേൽനോട്ടം സൗദി ടൂറിസം പുരാവസ്​തു വകുപ്പിനെ​ ഏൽപിച്ചതിനു ശേഷമുള്ള ആദ്യ മേള എന്ന പ്രത്യേകത കൂടി ഈ വർഷമുണ്ട്. മക്ക മേഖല ഗവർണറേറ്റ്​, ത്വാഇഫ്​ നഗരസഭ എന്നിവയുമായി സഹകരിച്ച്​ വിപുലമായ ഒരുക്കങ്ങളാണ്​ ടൂറിസം വകുപ്പ്​ മേളക്കായി ഒരുക്കിയിരിക്കുന്നത്. പരിപാടികളും പ്രകടനങ്ങളും പവലിയനുകളും കാണാൻ രാജ്യത്തിനകത്തും പുറത്തു നിന്നുള്ള നിരവധി ആളുകളാണ് ദിവസവും മേളയിലെത്തുന്നത്. ഇരുഹറം കാര്യാലയ പവലിയനുകൾ, സൗദി ആംഡ് ഫോഴ്സ് പവലിയൻ, 200 ഓളം ചിത്രകാരന്മാർക്കായി ഒരുക്കിയ കൂറ്റൻ ക്യാൻവാസ് എന്നിവയാണ് ഈ വർഷത്തെ മേളയിലെ പ്രത്യേകതകൾ.

കിസ്​വ ഫാക്​ടറി, അൽഹറമൈൻ എക്​സിബിഷൻ, സംസം സുഖ്​യാ ഓഫീസ്​ എന്നിവ ഉൾപ്പെടുന്നതാണ് ഹറമൈൻ പവലിയൻ. സൗദി ആംഡ് ഫോഴ്സ് പവലിയനിൽ ആയുധങ്ങളും ടാങ്കുകളും സൈനിക ഉപകരണങ്ങളും വാഹനങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. സൈനിക ഉപകരണങ്ങൾ പരിശോധിക്കുന്നതിനും വിമാനത്തിനുള്ളിൽ കയറുന്നതിനുമൊക്കെ സന്ദർശകർക്ക് അവസരം നൽകുന്നുണ്ട്. ഇതിനോടകം മൂന്നു ലക്ഷം സന്ദർശകർ മേളയിലെത്തിയതാണ് കണക്ക്.