LiveTV

Live

Gulf

റമദാൻ അവസാന പത്തിൽ മക്ക ഹറമിലെത്തുന്ന സന്ദർശകർക്ക്​ അത്താഴം വിതരണം ചെയ്യാൻ നിർദേശം 

റമദാൻ അവസാന പത്തിൽ മക്ക ഹറമിലെത്തുന്ന സന്ദർശകർക്ക്​ അത്താഴം വിതരണം ചെയ്യാൻ നിർദേശം 
Summary
ഹറമിൽ കഴിയുന്നവർക്കും മക്കയിലെ പരിസരങ്ങളിൽ നിന്ന്​ നമസ്കാരത്തിന് എത്തുന്നവര്‍ക്കും അത്താഴ വിതരണം ​വലിയ ആശ്വാസമുണ്ടാകും

റമദാൻ അവസാന പത്തിൽ മക്ക ഹറമിലെത്തുന്ന സന്ദർശകർക്ക്​ അത്താഴം വിതരണം ചെയ്യാൻ മക്ക ഗവർണർ അമീർ ഖാലിദ്​ അൽ ഫൈസൽ നിർദേശം നൽകി. ഹറമിൽ കഴിയുന്നവർക്കും മക്കയിലെ പരിസരങ്ങളിൽ നിന്ന്​ നമസ്കാരത്തിന് എത്തുന്നവര്‍ക്കും അത്താഴ വിതരണം ​വലിയ ആശ്വാസമുണ്ടാകും. തഹജുദ്​ നമസ്കാരത്തിനും അത്താഴത്തിനുമിടയിലെ സമയക്കുറവ്​ കണക്കിലെടുത്താണ് സൌജന്യമായി ഭക്ഷണം വിതരണം ചെയ്യാന്‍ മക്ക ഗവര്‍ണ്ണര്‍ നിര്‍ദേശം നല്‍കിയത്. ഹറമിലും ചുറ്റും മുറ്റങ്ങളിലും ബസ്​ സ്​റ്റേഷനുകളിലുമാണ് ഭക്ഷണം​ വിതരണം ചെയ്യുക​.

റോഡിലെ വർധിച്ച തിരക്കിനിടയിൽ തഹജ്ജുദ്​ നമസ്​കാരം കഴിഞ്ഞു വേഗത്തിൽ റൂമിലെത്തിപ്പെടാനുള്ള പ്രയാസം കാരണം അത്താഴം കിട്ടാതെ വിഷമിക്കുന്നവർക്കാണ് നടപടി ഏറെ ആശ്വാസമാകുക. അതോടൊപ്പം ഹറമിൽ കഴിയുന്നവർക്ക്​ അവസാന പത്തിൽ കൂടുതൽ സമയം പ്രാർഥനാനിരതമാക്കാനും മക്ക ഗവർണറുടെ നിർദേശം സഹായകമാകും. ഹറമിലെത്തുന്ന സന്ദർശകർക്ക്​ ഭക്ഷണവും വെള്ളവും നൽകുന്നതിനായി മക്ക​ ഗവർണറേറ്റിന്​ കീഴിൽ പ്രവർത്തിക്കുന്ന സമിതിയുടെ മേൽനോട്ടത്തിലാണ് ഭക്ഷണം വിതരണം ചെയ്യുക.

ലൈസൻസുള്ള ചാരിറ്റബിൾ ​സൊസൈറ്റികളുമായി സഹകരിച്ചായിരിക്കണം​ അത്താഴം വിതരണമെന്നും ഗവർണർ നിർദേശിച്ചിട്ടുണ്ട്​. ഇഫ്​താർ വേളയിൽ ആയിരക്കണക്കിന്​ ഭക്ഷ്യപാക്കറ്റുകളാണ്​ ദിനംപ്രതി വളരെ വ്യവസ്​ഥാപിതമായി തീർഥാടകർക്കിടയിൽ വിതരണം ചെയ്​തു കൊണ്ടിരിക്കുന്നത്​. ഇതിനായി നിരവധി ചാരിറ്റബിൾ സൊ​സൈറ്റികൾക്ക്​ ലൈസൻസ്​ നൽകിയിട്ടുണ്ട്​. ആദ്യമായാണ്​ അവസാനപത്തിൽ തീർഥാടകർക്ക്​ അത്താഴം നൽകാൻ നിർദേശം നൽകുന്നത്​. ഇൗ സൊസൈറ്റികൾ തന്നെയായിരിക്കും അത്താഴം വിതരണം ​നടത്തുക. ഇതിനായി വളണ്ടിയർമാരും രംഗത്തുണ്ടാകും.