LiveTV

Live

Gulf

പൊതുമാപ്പ് തുണയായി; 24 വര്‍ഷത്തിന് ശേഷം പുഷ്‍പംഗധന്‍ നാട്ടിലേക്ക്

പൊതുമാപ്പ് തുണയായി; 24 വര്‍ഷത്തിന് ശേഷം പുഷ്‍പംഗധന്‍ നാട്ടിലേക്ക്
Summary
ഇനി നാട്ടില്‍ സ്വസ്ഥമായി അമ്മയോടൊപ്പം ജീവിക്കണം എന്ന് പറഞ്ഞാണ് പുഷ്പാംഗധന്‍ നാട്ടിലേക്ക് മടങ്ങിയത്.

രണ്ട് വ്യാഴവട്ടമായി നാട്ടില്‍ പോവാന്‍ കഴിയാതിരുന്ന ആലപ്പുഴ സ്വദേശി പുഷ്പംഗധന് പൊതുമാപ്പ് തുണയായി. 1993ല്‍ സൌദിയിലെ സ്വകാര്യ കമ്പനിയില്‍ ജോലിക്കെത്തിയതാണ് ഇദ്ദേഹം. ഇനി നാട്ടില്‍ സ്വസ്ഥമായി അമ്മയോടൊപ്പം ജീവിക്കണം എന്ന് പറഞ്ഞാണ് പുഷ്പാംഗധന്‍ നാട്ടിലേക് മടങ്ങിയത്.

തുടര്‍ച്ചയായ നീണ്ട ഇരുപത്തി നാല് വര്‍ഷമാണ് പുഷ്പംഗധന്‍ സൌദിയില്‍ ജീവിച്ചത്. മുപ്പത്തി മൂന്നാം വയസ്സില്‍ 1993 ലാണ് പുഷ്പന്‍ സൗദിയില്‍ എത്തുന്നത്. ഒരു സ്വകാര്യ കമ്പനിയിലായിരിന്നു ജോലി. അവിടെ സഹപ്രവര്‍ത്തകനുമായി തര്‍ക്കമുണ്ടായി. ഇതിന്റെ പേരില്‍ കമ്പനി വിട്ടിറങ്ങി. പിന്നീട് 22 വര്‍ഷം ഒരു രേഖയും ഇല്ലാതെയാണ് സൗദിയില്‍ കഴിഞ്ഞത്. പല സ്ഥാപനങ്ങളിലായി താത്കാലിക ജോലി ചെയ്തു.

കഴിഞ്ഞ പൊതുമാപ്പ് സമയത്ത് ഔട്ട് പാസ് എടുത്തെങ്കിലും നാട്ടില്‍ പോയില്ല. ഇതോടെ ഇത്തവണ ഇന്ത്യന്‍ എംബസ്സി ഔട്ട്പാസ് അപേക്ഷ തള്ളുകയായിരുന്നു. കൊടിക്കുന്നില്‍ സുരേഷ് എം പി ഇടപെട്ട് സാക്ഷ്യപത്രം അയച്ചതിന് ശേഷമാണ് എംബസ്സി ഔട്ട്പാസ് നല്‍കിയത്.

നാട്ടിലുള്ള ബന്ധുക്കള്‍ കാര്യമായി തിരക്കിയില്ല. അതുകൊണ്ട് നാട്ടിലേക്കു പോവുന്നതിനെ കുറിച്ചും ചിന്തിച്ചില്ല. അങ്ങനെ വര്‍ഷങ്ങള്‍ കടന്നു പോയത് അറിഞ്ഞില്ല. വിവാഹം കഴിച്ചില്ല. ബാധ്യതകളൊന്നുമില്ലാതെയാണ് നാട്ടിലേക്ക് മടങ്ങുന്നതെന്ന് പുഷ്പാംഗധന്‍ പറഞ്ഞു.