LiveTV

Live

Gulf

ദുബൈയില്‍ അനധികൃത ചന്തയില്‍ റെയ്ഡ്;12 ടണ്‍ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു

ദുബൈയില്‍ അനധികൃത ചന്തയില്‍ റെയ്ഡ്;12 ടണ്‍ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു
Summary
അനധികൃത കച്ചവടത്തിനെതിരെ നടപടി കർശനമാക്കാനാണ് ദുബൈ നഗരസഭയുടെ തീരുമാനം.ദുബൈ മുഹൈസിന രണ്ടിലെ വ്യവസായമേഖലയിലാണ് അനധികൃത ചന്ത പ്രവര്‍ത്തിച്ചിരുന്നത്.

ദുബൈയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ചന്തയില്‍ റെയ്ഡ് നടത്തി നഗരസഭ 12 ടണ്‍ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. 16 അനധികൃത കച്ചവടക്കാരും പിടിയിലായി. അനധികൃത കച്ചവടത്തിനെതിരെ നടപടി കർശനമാക്കാനാണ് ദുബൈ നഗരസഭയുടെ തീരുമാനം.ദുബൈ മുഹൈസിന രണ്ടിലെ വ്യവസായമേഖലയിലാണ് അനധികൃത ചന്ത പ്രവര്‍ത്തിച്ചിരുന്നത്. ഭക്ഷ്യയോഗ്യമല്ലാത്തതും പഴകിയതുമായ ഇറച്ചി, മീന്‍, പച്ചക്കറി എന്നിവയാണ് നഗരസഭ അധികൃതര്‍ പിടിച്ചെടുത്തത്. 16 പേര്‍ പിടിയിലായതായി നഗരസഭ പരിസ്ഥിതി- അടിയന്തിര വിഭാഗം മേധാവി മുഹമ്മദ് അല്‍ ബലൂഷി അറിയിച്ചു.

മീനും ഇറച്ചിയും സൂക്ഷിക്കേണ്ട ഫ്രീസറോ ഐസോ ഇല്ലാതെയാണ് ഇവിടെ വിറ്റിരുന്നത്. ജബല്‍ അലി വ്യവസായ മേഖല, അല്‍ ഖൂസ്, മുഹൈസിന എന്നിവിടങ്ങളില്‍ ലൈസന്‍സില്ലാത്ത ചന്തകള്‍ പ്രവര്‍ത്തിക്കുന്നത് നഗരസഭയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. തൊഴിലാളികള്‍ക്ക് കുറഞ്ഞ വിലക്ക് ഭക്ഷണം ലഭിക്കുന്നത് ഇല്ലാതാക്കാനല്ല, മറിച്ച് അവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താനാണെന്ന് അധികൃതര്‍ പറഞ്ഞു. നഗരസഭയുടെ മാര്‍ക്കറ്റുകളിലും പരിശോധനശക്തമാക്കിയിട്ടുണ്ട്. പിടിച്ചെടുത്തവയില്‍ ഭക്ഷ്യയോഗ്യവും സുരക്ഷിതവുമായ വസ്തുക്കള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് കൈമാറുമെന്ന് നഗരസഭ അറിയിച്ചു.