LiveTV

Live

Gulf

കുവൈത്ത് എയര്‍വേസ് കൊച്ചിയിലേക്കുള്ള വിമാനസർവീസുകളുടെ എണ്ണം കുറച്ചു

കുവൈത്ത് എയര്‍വേസ് കൊച്ചിയിലേക്കുള്ള വിമാനസർവീസുകളുടെ എണ്ണം കുറച്ചു
Summary
മാർച്ച് 26 മുതൽ സർവീസുകളുടെ എണ്ണം 10 ആക്കിയാണ് കുറച്ചത്

കുവൈത്ത് ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയര്‍വേസ് കൊച്ചിയിലേക്കുള്ള വിമാനസർവീസുകളുടെ എണ്ണം കുറച്ചു. നിലവില്‍ ആഴ്ചയില്‍ 13 വിമാനങ്ങളാണ് കൊച്ചിയിലേക്ക് സർവീസ് നടത്തുന്നത് . മാർച്ച് 26 മുതൽ സർവീസുകളുടെ എണ്ണം 10 ആക്കിയാണ് കുറച്ചത് .ന്യൂയോർക്കിലേക്ക് പുതിയ പ്രതിദിന സർവീസ് ആരംഭിച്ചതായും വിമാനക്കമ്പനി അറിയിച്ചു.

കൊച്ചിയിലേക്കുള്ള സർവീസുകളുടെ എണ്ണം കുറക്കുന്നത്തിനു പകരമായി സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും കുവൈത്ത് എയർവെയ്‌സ് അധികൃതർ അറിയിച്ചു . നിലവിൽ ആഴ്ചയിൽ 13 സർവീസുകളിലായി 1690 സീറ്റുകളാണുള്ളത്. ഇതിനു പകരം മാർച്ഛ് 26 മുതൽ 10 വിമാനങ്ങളിലായി 2294 സീറ്റുകള്‍ ഉണ്ടാകും . പുതിയ ഷെഡ്യൂളില്‍ 272 സീറ്റുകളോടുകൂടിയ വലിയ ഏഴു വിമാനങ്ങൾ ഉൾപ്പെടുത്തിയാണ് സീറ്റുകൾ വർദ്ധിപ്പിക്കുക മൂന്ന് സര്‍വീസുകള്‍ പഴയതുപോലെ 130 സീറ്റുകളുമായി തുടരും.

നിലവില്‍ 130 സീറ്റുകളോട് കൂടിയ വിമാനമാണ് 13 സര്‍വിസുകള്‍ക്കായി ഉപയോഗിക്കുന്നത്. 26 മുതല്‍ വലിയ വിമാനം ദിവസവും വൈകീട്ട് 5.45ന് കുവൈത്തില്‍നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 1.30ന് കൊച്ചിയിലെത്തും. കൊച്ചിയില്‍നിന്ന് പുലര്‍ച്ചെ 2.30ന് തിരിക്കുന്ന വിമാനം 4.55നാണ് കുവൈത്തില്‍ എത്തുക. 130 സീറ്റുകളുള്ള വിമാനം തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളില്‍ പുലര്‍ച്ചെ 3.05ന് കുവൈത്തില്‍നിന്ന് പുറപ്പെട്ട് 10.40ന് കൊച്ചിയിലും 11.55ന് കൊച്ചിയില്‍നിന്ന് പുറപ്പെട്ട് 2.20ന് കുവൈത്തിലും എത്തും.

കുവൈത്ത് ന്യൂയോർക്ക് സെക്റ്ററിൽ പ്രതിദിന സർവീസുകളുടെ എണ്ണം രണ്ടാക്കി വർദ്ധിപ്പിച്ചതായും അധികൃതർ അറിയിച്ചു . കുവൈത്ത് എയർ വെയ്‌സ് ശ്രേണിയിലേക്ക് പുതുതായി എത്തിയ ബോയിങ് 777 വിമാനമാണ് ന്യൂയോർക്ക് സർവീസിനായി ഉപയോഗിക്കുക.