LiveTV

Live

Gulf

ദുബൈയിൽ പ്രസവാവധി മൂന്നുമാസമാകും

ദുബൈയിൽ പ്രസവാവധി മൂന്നുമാസമാകും
Summary
രണ്ട് മാസത്തെ പ്രസവാവധിയാണ് നേരത്തേ ലഭിച്ചിരുന്നത്. ലിംഗ നീതി സമിതിയുടെ ശിപാര്‍ശകള്‍ പരിഗണിച്ചാണ് നടപടി...

ദുബൈയിലെ സര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് മൂന്നു മാസം ശമ്പളത്തോടെ പ്രസവാവധി നല്‍കുന്ന നിയമം മാര്‍ച്ച് ഒന്നിന് നിലവില്‍ വരും. രണ്ട് മാസത്തെ പ്രസവാവധിയാണ് നേരത്തേ ലഭിച്ചിരുന്നത്. ലിംഗ നീതി സമിതിയുടെ ശിപാര്‍ശകള്‍ പരിഗണിച്ചാണ് നടപടി. നേരത്തേ അബൂദബി, ഷാര്‍ജ എമിറേറ്റുകളും പ്രസവവധി വര്‍ധിപ്പിച്ചിരുന്നു.

ലിംഗ നീതി സമിതി അധ്യക്ഷ ശൈഖ മനാല്‍ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിനറെ നേതൃത്വത്തില്‍ നിയോഗിച്ച സമിതി സമര്‍പ്പിച്ച ശിപാര്‍ശകള്‍ പരിഗണിച്ചാണ് മൂന്നു മാസ പ്രസവാവധി നല്‍കാന്‍ യു എ ഇയില്‍ നിയമഭേദഗതിക്ക് നടപടി ആരംഭിച്ചത്. സെപ്റ്റംബറില്‍ അബൂദബിയിലെ മൂന്നു മാസ പ്രസവാവധി നല്‍കുന്നതായി പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു. കുഞ്ഞിന് ഒരു വയസാകും വരെ രണ്ടു മണിക്കൂര്‍ നേരത്തേ ജോലി സ്ഥലത്തു നിന്നു പോകാനും സ്വദേശി വനിതകള്‍ക്ക് അനുമതിയുണ്ട്.

പ്രസവം നടന്ന് മൂന്നു ദിവസം കുഞ്ഞിന്‍െറ പിതാവിനും അവധി ലഭിക്കും. സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും പ്രസവാവധി വര്‍ധിപ്പിച്ച് ഉത്തരവ് പ്രഖ്യാപിച്ചു. മൂന്നു മാസം ശമ്പളത്തോടെയും ഒരു മാസം ശമ്പളമില്ലാത്തതുമായി 120 ദിവസം അവധിയാണ് ഷാര്‍ജയില്‍. ചില സ്വകാര്യ കമ്പനികളും ജീവനക്കാരികളുടെ പ്രസവാവധി വര്‍ധിപ്പിച്ചു നല്‍കിയിട്ടുണ്ട്. ദുബൈ കൂടി നിയമം നടപ്പാക്കുന്നതോടെ സ്ത്രീ ശാക്തീകരം, ലിംഗ നീതി തുടങ്ങിയ മേഖലയില്‍ യുഎഇ വീണ്ടും മാതൃകയാകും.