LiveTV

Live

Gulf

കുവൈത്ത് വാടക നിയമത്തില്‍ ഭേതഗതികള്‍ വരുത്തുന്നു

 കുവൈത്ത് വാടക നിയമത്തില്‍ ഭേതഗതികള്‍ വരുത്തുന്നു
Summary
രാജ്യത്തെ വാടക നിയമത്തില്‍ കാലികമായ ഭേദഗതികള്‍ വരുത്താന്‍ കുവൈത്ത് വാണിജ്യ മന്ത്രാലയം ഒരുങ്ങുന്നു.

രാജ്യത്തെ വാടക നിയമത്തില്‍ കാലികമായ ഭേദഗതികള്‍ വരുത്താന്‍ കുവൈത്ത് വാണിജ്യ മന്ത്രാലയം ഒരുങ്ങുന്നു. കെട്ടിടത്തിന്റെ സ്ഥാനം, വിസ്തൃതി എന്നിവ വാടകയ്ക്ക് മാനദണ്ഡമായേക്കും. സാധ്യതാ പഠനത്തിനായി മന്ത്രാലയത്തിലെ റിയല്‍ എസ്‌റ്റെറ്റ് വിഭാഗം പ്രത്യേക സമിതിയെ നിയോഗിച്ചു.

കെട്ടിട വാടക യാതൊരു മാനദണ്ഡവുമില്ലാതെ വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു പരാതികള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് വാടക നിയമത്തില്‍ കാലികമായ ഭേദഗതികള്‍ നടപ്പാക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നത്. ഫ്‌ലാറ്റുകളുടെ വിസ്തൃതിയും നിലകൊള്ളുന്ന പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കണക്കിലെടുത്ത് വാടക നിശ്ചയിക്കുന്ന രീതിയില്‍ നിയമം പരിഷ്‌കരികാനാണ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലെ റിയല്‍ എസ്‌റ്റെറ്റ് വകുപ്പ് ആലോചിക്കുന്നത്. ഭേദഗതി നിര്‍ദേശങ്ങളുടെ പ്രായോഗിക വശങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിച്ചതായി അല്‍ ഷാഹിദ് പത്രം റിപ്പോര്‍ട്ട് ചെയ്തു. നിര്‍ദിഷ്ട ഭേദഗതി പ്രകാരം തലസ്ഥാന ഗവര്‍ണറേറ്റ് പരിധിയിലെ താമസകെട്ടിടങ്ങള്‍ക്ക് ചതുരശ്ര മീറ്ററിനു 2 ദിനാറും ഹവല്ലിയില്‍ ഒന്നര ദിനാറും ഫര്‍വാനിയയില്‍ ഒരു ദിനാര്‍ 250 ഫില്‍സും അടിസ്ഥാന വാടകയാകും. അഹമദി, ജഹറ ഗവര്‍ണറേറ്റുകളില്‍ ചതുരശ്ര മീറ്ററിനു 500 ഫില്‌സാകും അടിസ്ഥാന വാടക. കൂടാതെ മൂന്നു വര്‍ഷത്തിലേറെ പഴക്കമില്ലാത്ത ഫ്‌ലാറ്റുകള്‍ക്ക് അടിസ്ഥാന വാടകയുടെ 35 ശതമാനവും കടല്‍ തീരത്ത് നിന്നും പരമാവധി 500 മീറ്റര്‍ അകലമുള്ള സീ ഫേസിംഗ് ഫ്‌ലാറ്റുകള്‍ക്ക് കെട്ടിടങ്ങള്‍ക്ക് അടിസ്ഥാന വാടകയുടെ 25 ശതമാനവും അധികം ഈടാക്കാമെന്നും നിര്‍ദിഷ്ട ഭേദഗതി വ്യവസ്ഥ ചെയ്യുന്നുണ്ട് പ്രധാന നിരത്തുകളോട് ചേര്‍ന്ന് നിലകൊള്ളുന്ന കെട്ടിടങ്ങല്ക്കും സ്‌ക്വയര്‍ മീറ്റര്‍ അടിസ്ഥാനമാക്കിയുള്ള വാടകയുടെ 10 ശതമാനം അധികമായി നല്‍കേണ്ടി വരും. നിലവിലെ വാടക പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരം കാണാന്‍ നിര്‍ദിഷ്ട ഭേദഗതി വഴി സാധിക്കുമെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ കണക്കു കൂട്ടല്‍.