നിരത്തിലെ തിരക്ക് കുറക്കാന്‍ പുതിയ പരീക്ഷണവുമായി കുവൈത്ത് ഗതാഗതവകുപ്പ്

നിരത്തിലെ തിരക്ക് കുറക്കാന്‍ പുതിയ പരീക്ഷണവുമായി കുവൈത്ത് ഗതാഗതവകുപ്പ്. ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്ന വാഹനങ്ങള്‍ രണ്ടുമാസത്തേക്ക് തടഞ്ഞു വെക്കാനുള്ള നിര്‍ദേശത്തിനു മന്ത്രിസഭ അംഗീകാരം നല്‍കിതോടെ നിയമം പ്രാബല്യത്തില്‍ വന്നു.
നിയമം തെറ്റിച്ചാല്‍ ഡ്രൈവര്‍ മാത്രമല്ല വാഹനങ്ങളും തടവ് ശിക്ഷ അനുഭവിക്കണം എന്നാണു കുവൈത്ത് ട്രാഫിക് പോലീസിന്റെ നിലപാട്. പുക തുപ്പുന്ന വാഹങ്ങളും നമ്പര്‍ പ്ലേറ്റില്ലാത്തവയും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ രണ്ടുമാസം പിടിച്ചു വെക്കാന്‍ ആണ് പുതിയ തീരുമാനം. ഒരു വശത്തുമാത്രം നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കുന്നതും ചുവപ്പ് സിഗ്നല്‍ മറികടക്കുന്നതും വാഹനങ്ങള്‍ തടഞ്ഞു വെക്കാനുള്ള കാരണങ്ങള്‍ ആണ്. അനുവദിനീയമായ വേഗത്തിലും സമയങ്ങളിലും അല്ലാതെ എമര്‍ജന്‍സി ലൈനിലൂടെ വാഹനമോടിക്കുന്നതും, നിശ്ചിത സമയ പരിധിയിലധികം വിദേശ നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങള്‍ നിരത്തിലിറക്കുന്നതും ശിക്ഷാര്‍ഹാമാണ്. പ്രത്യേക അനുമതിയില്ലാതെ വാഹനങ്ങളില്‍ സ്റ്റിക്കറുകള്‍ പതിക്കുന്നതും സംഘടനകളുടെ പതാക, നിരോധിത സംഘടനകളുടെ ലോഗോ എന്നിവ വാഹങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതും വാഹനം കണ്ടുകെട്ടാന്‍ കാരണമാകും. ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും കുറയ്ക്കുന്നതിന്റെ ഭാഗമായുള്ള പരിഷ്കരണം കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തില്‍ വന്നതായി ട്രാഫിക് വൃത്തങ്ങള്‍ അറിയിച്ചു. 2015 ല്‍ മാത്രം 429 പേരാണ് കുവൈത്തില്‍ റോഡപകടങ്ങളില്‍ മരിച്ചത് .