ദുബൈയില്‍ ഫ്ലോട്ടിങ് വില്ല കടലില്‍ മുങ്ങി

ദുബൈയില്‍ വെള്ളത്തില്‍ പൊങ്ങികിടക്കുന്ന വിധം നിര്‍മിച്ച ഫ്ലോട്ടിങ് വില്ല കടലില്‍ മുങ്ങി. കടല്‍ പ്രക്ഷുബ്ദമായതിനെ തുടര്‍ന്നാണ് വില്ല വെള്ളത്തില്‍ മുങ്ങിയതെന്ന് ദുബൈ പൊലീസ് സ്ഥിരീകരിച്ചു. ആളപായമില്ലെന്നും പൊലീസ് അറിയിച്ചു.
ദുബൈ ബുര്‍ജുല്‍ അറബിന് സമീപത്തായി കഴിഞ്ഞവര്‍ഷമാണ് സീഹോഴ്സ് എന്ന പേരില്‍ വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന വില്ല നിര്‍മിച്ചത്. ലോകത്ത് തന്നെ ആദ്യമായായിരുന്നു ഇത്തരമൊരു ഭവന നിര്‍മാണം. മൂന്ന് നില വില്ലയുടെ ഒരു നില വെള്ളത്തിനടിയിലും രണ്ടുനിലകള്‍ ജലനിരപ്പിന് മുകളിലുമായാണ് നിര്‍മിച്ചിരുന്നത്. ബുധനാഴ്ച അനുഭവപ്പെട്ട ശക്തമായ തിരമാലകളാണ് ഫ്ലോട്ടിങ് വില്ല കടലില്‍ മുങ്ങാന്‍ കാരണമെന്ന് പൊലീസ് അറിയിച്ചു. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. വില്ലയോട് ചേര്‍ന്ന് പുതുവര്‍ഷ ആഘോഷത്തിനായി നിര്‍മിച്ച പ്ലാറ്റ്ഫോമാണ് വെള്ളത്തില്‍ കാണാതായതെന്ന് റിയല്‍എസ്റ്റേറ്റ് കമ്പനിയായ ക്ലെന്ഡിന്സ്റ്റ് ഗ്രൂപ്പ് വിശദീകരിച്ചു. ഇത്തരം നൂറിലേറെ വില്ലകള്‍ നിര്‍മിക്കാന്‍ നേരത്തേ പദ്ധതി പ്രഖ്യാപിച്ചിരുന്നു.