യുഎഇ ദേശീയദിനാഘോഷത്തില് കാര് അലങ്കരിക്കലില് താരമായി മലയാളി
യുഎഇ 46ാം ദേശീയദിനാഘോഷ പരിപാടികളിൽ കാർ അലങ്കരിക്കൽ ഇനത്തിൽ ഇത്തവണയും താരമായത് മലയാളി ഇഖ്ബാൽ അബ്ദുൽ ഹമീദ്. ആഘോഷത്തിന് മാറ്റ് കൂട്ടാൻ യു.എ.ഇ ചരിത്രവും നേതാക്കളുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയാണ് ഇഖ്ബാൽ തന്റെ ആഡംബര കാറിന് പൊലിമ പകർന്നത്.
ഇത് കാസർകോട് ബേക്കൽ ഹദ്ദാദ് നഗർ സ്വദേശി ഇഖ്ബാൽ അബ്ദുൽ ഹമീദ്. തുടർച്ചയായ പത്താം വർഷമാണ് യു.എ.ഇ ദേശീയ ദിനാഘോഷങ്ങളിൽ ഈ മലയാളി മിന്നും താരമാകുന്നത്. ഓരോ വർഷവും കാറും അലങ്കാര രീതിയും മാറും. ഇത്തവണ ബെൻറ്ലി ബെൻറയ്ഗ എസ്.യു.വി വാഹനത്തിനാണ് ഇഖ്ബാൽ നിറച്ചാർത്തണിയിച്ചത്. എല്ലാ തവണയും എന്ന പോലെ കാർ അലങ്കരിക്കൽ മൽസരത്തിൽ ഇഖ്ബാൽ തന്നെയാണ് തിളങ്ങിയത്. ദുബൈ ഖിസെസ് പൊലിസ് സ്റ്റേഷനിൽ ഒരുക്കിയ പരേഡിൽ എല്ലാവരും താൽപര്യപൂർവം വീക്ഷിച്ചത് ഇഖ്ബാലിന്റെ ഈ അലങ്കരിച്ച വാഹനം തന്നെ. താൻ ഉൾപ്പെടെ ആയിരങ്ങൾക്ക് തുണയാകുന്ന യു.എ.ഇയോടും നേതാക്കളോടുമുള്ള കൃതജ്ഞത അറിയിക്കൽ കൂടിയാണിതെന്ന് ഇഖ്ബാൽ അബ്ദുൽ ഹമീദ് പറയുന്നു.
കാർ അലങ്കരിക്കലിനു പിന്നിലെ അധ്വാനം ചെറുതല്ല. മൂന്നു മാസം വേണ്ടി വന്നു സ്റ്റിക്കറുകളിൽ തീർത്ത ചിത്രങ്ങളും ചരി്ത്രവും കൊണ്ട് കാറിനെ ഇവ്വിധം കമനീയമാക്കാൻ. സ്വദേശികളുമായി അടുത്ത ബന്ധം പുലർത്തുന്ന ഇഖ്ബാൽ അബ്ദുൽ ഹമീദിന് യു.എ.ഇയുടെ ഓരോ ദേശീയദിനവും ഏറെ പ്രിയപ്പെട്ടതാണ്.. ചെറുപ്പം തൊട്ടേ കാറുകളോടും ഡ്രൈവിംഗിനോടും തോന്നിയ ഇഷ്ടമാണ് ഇഖ്ബാലിന്റെ പ്രചോദനം. ഒപ്പം യു.എ.ഇയോടുള്ള വർധിച്ച താൽപര്യവും. അടുത്ത വർഷവും മറ്റൊരു ആഡംബര കാറുമായി ഇഖ്ബാൽ പരേഡിലുണ്ടാകും. അലങ്കാരത്തിന്റെ തികച്ചും വേറിട്ട മറ്റൊരു മാതൃകയുമായി.