ദുരിതത്തിലായ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങുന്നു
മാസങ്ങളുടെ ശമ്പളം കുടിശ്ശികയാക്കി പ്രമുഖ റെസ്റ്റന്റ് ഉടമ മുങ്ങിയതോടെ ദുരിതത്തിലായ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങുന്നു. സാമൂഹിക പ്രവര്‍ത്തകരുടെയും ഉദാരമതികളുടെയും ഇടപെടലാണ് ഇവര്‍ക്ക് ആശ്വാസമായത്.
കഴിഞ്ഞമാസം 12 നാണ് ദുരിതത്തില്‍ കഴിയുന്ന ഈ തൊഴിലാളികളുടെ കഥ മീഡിയവണ്‍ പുറത്തുവിട്ടത്. ശമ്പളം കുടിശ്ശികയാക്കിയതിന് പുറമെ താമസിക്കുന്ന ലേബര്‍ക്യാമ്പിന്റെ വാടകപോലും നല്‍കാതെയാണ് ഇവര്‍ ജോലി ചെയ്തിരുന്ന റെസ്റ്റോറന്റ് ബേക്കറി ശൃംഖലയുടെ ഉടമമയായ തൃശൂര്‍ സ്വദേശി മുങ്ങിയത്. ഇവരുടെ ദുരിതകഥ സാമൂഹികപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പെടുത്തിയതോടെ തൊഴിലാളികള്‍ അടക്കേണ്ട പിഴയും മറ്റും ഏറ്റെടുക്കാന്‍ ഇന്ത്യന്‍ എംബസി സന്നദ്ധത അറിയിച്ചു. കേസ് പിന്‍വലിക്കുന്നതിന് കോടതില്‍ കെട്ടേണ്ട തുക നല്കാന് മലബാര്‍ ഗോള്‍ഡ് ജ്വല്ലറിയുടെ സി എസ് ആര് വിഭാഗവും മുന്നോട്ടുവന്നു.
തൊഴിലാളികള്‍ക്ക് കിട്ടാനുള്ള വന്‍തുകയുടെ ശമ്പളകുടിശ്ശിക ഇനിയും കിട്ടിയിട്ടില്ല. അത് പ്രതീക്ഷിച്ച് അനിശ്ചിത്വത്തില്‍ തുടരാനാവില്ല എന്നത് കൊണ്ടാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങുന്നത്. പിഴയടക്കാനും ടിക്കറ്റ് നല്‍കാനും ഇന്ത്യന്‍ കോണ്‍സുലേറ്റ് സന്നദ്ധമായാല്‍ മാസങ്ങളോളം പ്രതിസന്ധിയിലായിരുന്ന ഇവര്‍ക്ക് ഉടന്‍ നാടണയാന്‍ കഴിയും.