LiveTV

Live

Gulf

സ്പോൺസറില്ലാതെ ഇ-വിസ സൗകര്യം കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ ലഭ്യമാക്കാൻ ഒമാൻ

സ്പോൺസറില്ലാതെ ഇ-വിസ സൗകര്യം കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ ലഭ്യമാക്കാൻ ഒമാൻ
Summary
25 രാജ്യങ്ങളെയാണ്​ പുതുതായി പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

സ്പോൺസറില്ലാതെ ഇ-വിസ സൗകര്യം കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ ലഭ്യമാക്കാൻ ഒമാൻ തീരുമാനിച്ചു. 25 രാജ്യങ്ങളെയാണ്​ പുതുതായി പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. സ്പോൺസറില്ലാതെ ഇ-വിസ ലഭ്യമാകുന്ന രാഷ്ട്രങ്ങളുടെ പട്ടികയിൽ മാറ്റം വരുത്താൻ പൂർണ അധികാരമുണ്ടായിരിക്കും. നിയമലംഘകരെ കരിമ്പട്ടികയിൽ പെടുത്തുമെന്നും വിദേശി താമസ നിയമ പ്രകാരമുള്ള പിഴ ചുമത്തുകയും ചെയ്യുമെന്നും ആർ.ഒ.പി അറിയിച്ചു.

ടൂറിസം മേഖലയുടെ ഉണർവ്​ ലക്ഷ്യമിട്ടാണ്​ ഇ-വിസ സംവിധാനം ഒമാൻ വിപുലപ്പെടുത്തിയത്​. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും റഷ്യയിൽ നിന്നുമുള്ള സഞ്ചാരികൾക്ക്​ നിലവിൽ നിബന്ധനകൾക്ക്​ വിധേയമായി സ്പോൺസർമാരില്ലാത്ത ഇ-വിസ അനുവദിക്കുന്നുണ്ട്​. ടൂർ ഓപ്പറേറ്റർമാർ മുഖേനയോ നക്ഷത്ര ഹോട്ടലുകൾ മുഖേനയോ അപേക്ഷിക്കുന്ന ഇന്ത്യൻ പൗരൻമാർക്ക്​ സ്​പോൺസർമാരില്ലാതെ ഇ-വിസ അനുവദിക്കുന്നതിനുള്ള നിയമ ഭേദഗതി ഈ വർഷം ആദ്യപാദത്തിലാണ്​ നിലവിൽ വന്നത്​. അടുത്തിടെ അമേരിക്ക, കാനഡ, ആസ്ത്രേലിയ, ബ്രിട്ടൻ,ഷെങ്കൻ രാഷ്​ട്രങ്ങൾ എന്നിവിടങ്ങളിൽ വിസയുള്ള ഇന്ത്യൻ പൗരൻമാർക്ക്​ ഓൺ അറൈവൽ വിസ അനുവദിക്കാൻ കഴിഞ്ഞ മാസം ഒമാൻ തീരുമാനം എടുത്തിരുന്നു. സഞ്ചാരികളെ കൂടുതലായി ആകർഷിക്കാൻ ലക്ഷ്യമിട്ട്​ റോഡ്​ഷോയടക്കം പരിപാടികൾ ഒമാൻ ടൂറിസം ഇന്ത്യയിൽ നടത്തിയിരുന്നു. ഒമാനിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിലാകട്ടെ കഴിഞ്ഞ അഞ്ചുവർഷ കാലയളവിൽ വലിയ ശതമാനത്തിന്റെ വർധനവ്​ ദൃശ്യമായിട്ടുണ്ട്​. കഴിഞ്ഞ വർഷം മാത്രം മൂന്ന്​ ലക്ഷം ഇന്ത്യൻ സഞ്ചാരികളാണ്​ ഒമാനിലെത്തിയത്​.