LiveTV

Live

Gulf

ഓവര്‍ടൈം ജോലിക്ക് നിയമാനുസൃതമുള്ള ആനുകൂല്യം ഉറപ്പാക്കണമെന്ന്​ യുഎഇ

 ഓവര്‍ടൈം ജോലിക്ക് നിയമാനുസൃതമുള്ള ആനുകൂല്യം ഉറപ്പാക്കണമെന്ന്​ യുഎഇ
Summary
ദിവസങ്ങളുടെ പ്രത്യേകത അനുസരിച്ച്​ അധിക ജോലിക്ക്​ നൽകുന്ന വേതനത്തിൽ മാറ്റമുണ്ടാകുമെന്നും മന്ത്രാലയം വിശദീകരിച്ചു

തൊഴിലാളികളെ അധികനേരം ജോലി ചെയ്യിക്കുന്നതിന്​ നിയമാനുസൃതമുള്ള ആനുകൂല്യം ഉറപ്പാക്കണമെന്ന്​ കമ്പനികൾക്ക്​ യുഎഇ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്​. ദിവസങ്ങളുടെ പ്രത്യേകത അനുസരിച്ച്​ അധിക ജോലിക്ക്​ നൽകുന്ന വേതനത്തിൽ മാറ്റമുണ്ടാകുമെന്നും മന്ത്രാലയം വിശദീകരിച്ചു.

അധികവേതനം നൽകുന്നത്​ ജോലി ചെയ്യിപ്പിക്കുന്ന സമയവും ദിവസവും അടിസ്ഥാനമാക്കിയാണെന്ന് യുഎഇ സ്വദേശിവൽക്കരണ, മാനവശേഷി മന്ത്രാലയ അധികൃതർ വ്യക്തമാക്കി. യുഎഇയിലെ തൊഴിൽ നിയമത്തിൽ അധിക ജോലിക്കു നൽകുന്ന അധിക വേതനം സംബന്ധിച്ച് വിശദമായ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്​. ചിലപ്പോൾ ജോലികൾക്ക് സാധാരണ ദിവസങ്ങളിലെ വേതന വ്യവസ്ഥ മതിയാകും. എന്നാൽ മറ്റു ചില സന്ദർഭങ്ങളിൽ ഇതിൽ മാറ്റമുണ്ടാകും.

തൊഴിലാളികൾ അധിക ജോലി ചെയ്ത സാധാരണ ദിവസങ്ങൾ , ഔദ്യോഗിക അവധി ദിനങ്ങൾ, വാരാന്ത്യ അവധി ദിനങ്ങൾ, രാത്രി സമയം എന്നിവ മുൻനിർത്തി നൽകേണ്ട ആനുകൂല്യത്തിൽ മാറ്റമുണ്ടാകും. പെരുന്നാൾ ഉൾപ്പെടെ ആഘോഷാവസരങ്ങളിലെ അവധിയിലാണ് ജോലി ചെയ്യിപ്പിച്ചതെങ്കിൽ ആനുപാതിക വേതനത്തിനു പുറമേ മറ്റൊരു ദിവസം അവധി നൽകുകയും വേണം. ഓവർടൈം വേതനം നൽകുമ്പോൾ അടിസ്ഥാന വേതനം മാത്രമല്ല അവലംബിക്കേണ്ടത്. തൊഴിലാളിക്ക് കരാർ പ്രകാരം നൽകുന്ന അനുബന്ധ അലവൻസുകളും ചേർത്താണ് ഓവർ ടൈം തുക നിശ്ചയിക്കേണ്ടത്​. 25 ശതമാനത്തിൽ കുറയാത്ത വേതനം ഇതിലൂടെ തൊഴിലാളിക്ക് ലഭിക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.

രാത്രി ഒൻപത് മണിക്കും പുലർച്ചെ നാല് മണിക്കും ഇടയിലാണ്​ അധികതൊഴിൽ ചെയ്യിക്കുന്നതെങ്കിൽ വേതനം 50 ശതമാനത്തിൽ കുറയരുതെന്നാണ് ചട്ടം. ദിവസം രണ്ടു മണിക്കൂറിൽ കൂടുതൽ ഓവർ ടൈം നൽകരുതെന്നും നിർദേശമുണ്ട്. യുഎഇയിലെ പൊതു അവധി ദിനമായ വെള്ളിയാഴ്ച ജോലി ചെയ്താൽ സാധാരണ ദിവസങ്ങളേക്കാൾ 50 ശതമാനം അധിക വേതനം നൽകിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്​.